ദില്ലി: ഡല്‍ഹി മദ്യനയക്കേസിലെ ക്രമക്കേടുകളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘കിംഗ്പിന്‍’ എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും ഇഡി ചൂണ്ടിക്കാട്ടി. കെജ്രിവാള് കൈക്കൂലി ചോദിച്ചെന്നാണ് ഇഡി പറയുന്നത്. ഇന്ന് ഹൈക്കോടതിയില്‍ ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേ സമയം, ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി സംസ്ഥാന ഘടകം രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ബിജെപി കത്ത് നല്കി. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കെജ്രിവാളിനെ ഇന്നലെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനിടെ മദ്യനയക്കേസില്‍ കെജ്രവാളിനെ സിബിഐ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ ഉടന്‍ നല്‍കുമെന്നാണ് വിവരം.