ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങളും വാക്കുകളും നീക്കി ദൂരദര്ശന്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളാണ് ദൂരദര്ശന് വെട്ടിമാറ്റിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നീക്കം ചെയ്തുവെന്നാണ് ദൂരദര്‍ശന്റെ വിശദീകരണം. കാടന്‍ നിയമങ്ങള്‍, വര്‍ഗീയ സര്‍ക്കാര്‍, മുസ്ലിം തുടങ്ങിയ പരാമര്‍ശങ്ങളാണ് ഒഴിവാക്കിയത്. നേതാക്കളുടെ പ്രസംഗം റിക്കോര്‍ഡ് ചെയ്യുന്നതിന് മുന്‍പാണ് വാക്കുകള്‍ ഒഴിവാക്കണമെന്ന് ദൂരദര്ശന് ആവശ്യപ്പെട്ടത്.
‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്ന വാക്ക് ഒഴിവാക്കണമെന്ന് യച്ചൂരിയോട് ദൂരദര്ശന് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ പ്രസംഗത്തിന്റെ ഹിന്ദി പതിപ്പില്‍ അവര്‍ ഒരു തെറ്റും കണ്ടെത്തിയില്ലെന്നും അത് യഥാര്‍ഥ ഇംഗ്ലിഷ് പ്രസംഗത്തിന്റെ വിവര്‍ത്തനം മാത്രമായിരുന്നുവെന്നും യെച്ചൂരി പ്രതികരിച്ചു. അവരുടെ നിര്‍ദേശപ്രകാരം ഇംഗ്ലിഷ് പതിപ്പ് പരിഷ്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദേവരാജന്റെ പ്രസംഗത്തിലെ മുസ്ലിം എന്ന വാക്ക് നീക്കം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. പൗരത്വത്തിന് അര്‍ഹതയുള്ള മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളെയും നിയമത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ മുസ്ലിംകളോടുള്ള വിവേചനം തുറന്നുകാട്ടാന്‍ ഈ വാക്ക് ഉപയോഗിക്കണമെന്നും പക്ഷേ അവര്‍ അത് അനുവദിച്ചില്ലെന്നും ദേവരാജന്‍ വ്യക്തമാക്കി.