ആലപ്പുഴ: മാന്നാറിലെ തിരോധാന കേസില്‍ കല കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും അമ്മ ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകന്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്റെ പ്രതികരണം ഏറെ വൈകാരികമാണെന്ന് പോലീസ് പറഞ്ഞു. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നുമാണ് മകന്‍ പറയുന്നത്. അതേ സമയം, സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ പോയില്ലെന്നും സഹവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തനിക്ക് അഭിമാനം നഷ്ടപ്പെട്ടുവെന്നും മകന്‍ പറഞ്ഞു. അമ്മയെ ഈ അടുത്ത് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കാണാതായ ശേഷം കണ്ടില്ല എന്നും എന്നാല്‍ എവിടെയോ അമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്നും മകന്‍ പറഞ്ഞു.
കലയുടെ കൊലപാതകം സ്ഥിരീകരിച്ച പൊലീസ് ഭര്‍ത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഇസ്രയേലില്‍ ജോലിയിലുള്ള അനിലിനെ നാട്ടിലേക്ക് തിരിച്ചുകൊണ്ട് വരാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കലയുടെ മരണത്തിന് ശേഷം അനില്‍ വേറെ കല്യാണം കഴിച്ചിരുന്നു. കലയുടെ മൃതദേഹം കാറില്‍ കൊണ്ട് പോയി മറവ് ചെയ്തതെന്ന് സംശയിക്കുന്ന ജിനു, പ്രമോദ്, സോമന്‍ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍.