പാലക്കാട്: വെടിക്കെട്ട് ഇല്ലാതെ തൃശ്ശൂര്‍പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് നടത്തുന്നതെന്നും ദേവസ്വം ജോ. സെക്രട്ടറി ശശിധരന്‍ പറഞ്ഞു. വെടിക്കെട്ട് നിരോധനത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ജില്ലയിലെ ഉത്സവകമ്മിറ്റികള്‍ അറിയിച്ചു.
ആരാധനാലയങ്ങളില്‍ രാത്രി സമയങ്ങളില്‍ പടക്കം പൊട്ടിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മതപരമായ സ്ഥലങ്ങളില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങള്‍ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിള്‍ ബെഞ്ച് എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളില്‍ പടക്കം പൊട്ടിക്കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.