ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനങ്ങള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ വീഡിയോ സ്രഷ്ടാക്കള്‍ എന്നിവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഇവയെ രാജ്യത്തിന്റെ നിര്‍ദ്ദിഷ്ട ബ്രോഡ്കാസ്റ്റ് ബില്ലിന്റെ ഏറ്റവും പുതിയ പതിപ്പ് അനുസരിച്ച് ഇന്ത്യന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് കീഴിലാകുമെന്നാണ് സൂചന. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി ക്രമം അനുസരിച്ച് ശിക്ഷാ നടപടികളും സ്വീകരിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ബില്ല് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്കയും ഇതിന് പിന്നാലെ സജീവമായിട്ടുണ്ട്.
നിശ്ചിത പരിധിയില്‍ അധികം ഫോളോവേര്‍സുള്ള യൂട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബില്‍ പാസായി ഒരു മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടി വരും. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്,ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെ ത്രിതല റെഗുലേറ്ററി സംവിധാനത്തിന്റെ കീഴിലാക്കും. ഈ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ സ്വന്തം നിലയില്‍ ഉള്ളടക്കം സംബന്ധിച്ച് ആഭ്യന്തര പരിശോധന നടത്തുന്നതിന് സമിതിയെ വെക്കേണ്ടി വരും. തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ വെളിപ്പെടുത്താത്ത സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ക്രിമിനല്‍ നടപടിക്രമം ബാധകമാകും. വാര്‍ത്തകള്‍ പങ്കുവെക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളും ബില്‍ പാസായി ഒരു മാസതത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇവരെയും ത്രിതല റെഗുലേറ്ററി സംവിധാനത്തിന്റെ കീഴിലാക്കും.