Newsperseconds.com

നമ്പറുകള്‍ ഇല്ലെങ്കിലും ഇനി മുതല്‍ വാട്‌സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാം.. പുതിയ ഫീച്ചര്‍ പരിചയപ്പെടാം..

Untitled 1

ഇന്ന് നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഉണ്ടെങ്കിലും നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരു ആപ്പ് ആണ് വാട്‌സ്ആപ്പ്. പെട്ടെന്നുള്ള ആശയവിനിമയത്തിനും, രേഖകളും, ചിത്രങ്ങളും മറ്റുമൊക്കെ കൈമാറ്റം ചെയ്യാനായി നമ്മള്‍ ആദ്യം ഉപയോഗിക്കുന്ന ആപ്പ് ‘വാട്‌സ് ആപ്പ്’ ആയിരിക്കും. എന്നാല്‍ ഇത്രയൊക്കെ ഉപയോഗിക്കുന്നുണ്ടെകിലും പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ് വാട്‌സ്ആപ്പില്‍ ആശയവിനിമയം നടത്താനും, ഡാറ്റകള്‍ കൈമാറ്റം ചെയ്യാനും നമ്പര്‍ സേവ് ചെയ്യേണ്ടി വരുന്നത്. അതിനാല്‍ തന്നെ താത്കാലിക ഉപയോഗത്തിന്, പരിചയമില്ലാത്ത ഒരുപാട് പേരുടെ നമ്പറുകള്‍ നമുക്ക് സേവ് ചെയ്യേണ്ടി വരുന്നു. വാട്‌സ്ആപ്പ് പുറത്തിറങ്ങി 15 വര്‍ഷം ആയിട്ടും ഇതുവരെയും ഈ പോരായ്മ പരിഹരിക്കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആപ്പിന്റെ ആ പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മെറ്റ.

നമ്പറുകള്‍ ഇല്ലെങ്കിലും ഇനി മുതല്‍ വാട്‌സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ കഴിയും. പകരം കൊണ്ടുവരുന്നത് യുസര്‍ നെയിം ആണ്. ആ യൂസര്‍ നെയിം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പരസ്പരം മെസ്സേജ് അയക്കാനുള്ള അപ്‌ഡേറ്റ് ആണ് മെറ്റ പുറത്തിറക്കാന്‍ പോകുന്നത്. ഇതോടെ സന്ദേശം അയക്കാന്‍ നമ്പറുകള്‍ക്ക് പകരം ഉപയോക്താക്കളുടെ യൂസര്‍ നെയിമുകള്‍ കൈമാറിയാല്‍ മതിയാകും. ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് മെറ്റയുടെ പുതിയ പരിഷ്‌കാരം എത്തുന്നത്. വരുന്ന മാസങ്ങളില്‍ തന്നെ ഈ പുതിയ അപ്‌ഡേറ്റ് എല്ലാ വാട്‌സ്ആപ്പിലും ലഭ്യമാകും. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2 ല്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.

അതേസമയം, പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ മൂന്നു തരത്തിലാണ് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. അതില്‍ ഒന്ന്, ഇപ്പോള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് തുടര്‍ന്നും ഉപയോഗിക്കാം എന്നതാണ്. മറ്റൊന്ന് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് തുടങ്ങിയ വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ നിങ്ങള്‍ക്ക് പുതിയ ഒരു യൂസര്‍നെയിം കൂടി ഉണ്ടാക്കാം. ശേഷം ഫോണ്‍ നമ്പറുകള്‍ മറച്ചു വെച്ച് യൂസര്‍നെയിം വഴി പരസ്പരം ആശയവിനിമയം നടത്താം. മൂന്നാമത്തേത് യൂസര്‍നെയിമിനൊപ്പം പിന്‍നമ്പര്‍ കൂടി കൂട്ടിച്ചേര്‍ക്കാം. അതായത് മറ്റുള്ളവര്‍ക്ക് നിങ്ങളുടെ വാട്‌സ്ആപ്പിലേക്ക് സന്ദേശം അയക്കണമെങ്കില്‍ നിങ്ങളുടെ ഈ നാലക്ക പിന്‍നമ്പര്‍ അവര്‍ അറിഞ്ഞിരിക്കണം. ആവശ്യമുണ്ടെങ്കില്‍ മാത്രം ഈ ഫീച്ചര്‍ തിരഞ്ഞെടുത്ത് ചെയ്യാം.

Share this Article

Leave a Comment