കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു. കേസില്‍ മുകേഷ് നേരത്തേ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
സിനിമയില്‍ അവസരം നല്‍കാമെന്നും സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. മരടിലെ വില്ലയിലെത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി.