തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും സ്പീക്കര്‍ എ.എന്‍ ഷംസീറും തമ്മില്‍ വാക്കേറ്റം. പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കറിന്റെ ചോദ്യത്തെ പ്രതിപക്ഷം ഏറ്റുപിടിച്ച് പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചത്. സ്പീക്കറുടേത് അപക്വമായ ചോദ്യമാണെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
സ്പീക്കറുടെ ചോദ്യത്തിന് വിഡി സതീശന്‍ ആഞ്ഞടിച്ചു. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയിരുന്നു. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. ഇതിന് പിന്നാലെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. നേതാക്കള്‍ തിരികെ സീറ്റില്‍ പോയി ഇരിക്കണമെന്നും ആരാണ് പ്രതിപക്ഷ നേതാവ് എന്നുമായിരുന്നു സ്പീക്കറുടെ ചോദ്യം.