Newsperseconds.com

കേസില്‍ പിടിച്ച വാഹനങ്ങള്‍ കണ്ട് വര്‍ക്ക്‌ഷോപ്പാണെന്ന് തെറ്റിദ്ധരിച്ചു; കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ അന്വേഷിച്ച് കയറിയത് എക്‌സൈസ് ഓഫീസില്‍; തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Untitled 1

അടിമാലി: വിനോദയാത്രക്കിടെ എക്‌സൈസ് ഓഫീസില്‍ തീ അന്വേഷിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നും കഞ്ചാവ് പിടികൂടി. തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ കുറച്ച് വിദ്യാര്‍ത്ഥികളാണ് കഞ്ചാവ് ബീഡി വലിക്കാന്‍ തീ അന്വേഷിച്ച് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്.

പിന്‍വശത്ത് കൂടിയെത്തിയ വിദ്യാര്‍ത്ഥികള്‍ ഓഫീസിന്റെ ബോര്‍ഡ് ശ്രദ്ധിക്കാതെയാണ് ഉള്ളിലെത്തിയത്. മുറിയില്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കഞ്ചാവു ബീഡി കത്തിക്കാന്‍ തീ തേടിയെത്തിയതാണെന്ന് വ്യക്തമായത്. കേസില്‍ പിടിച്ച വാഹനങ്ങള്‍ ഓഫിസിന്റെ പിന്‍വശത്തു കിടക്കുന്നതു കണ്ട് വര്‍ക്ക്‌ഷോപ്പാണെന്ന് കരുതി കയറിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഒരു കുട്ടിയുടെ പക്കല്‍ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കല്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വിനോദയാത്രാ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി എക്സൈസ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു കൗണ്‍സലിങ്ങും നല്‍കി. ലഹരി കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എക്സൈസ് കേസെടുത്തു.

Share this Article

Leave a Comment