ഭുവനേശ്വര്‍: ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഒഡീഷ തീരം തൊടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. ദാന ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഒഡിഷയിലെ പല ജില്ലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്കി.
മയൂര്‍ഭഞ്ച്, കട്ടക്ക്, ജാജ്പൂര്‍, ബാലസോര്‍, ഭദ്രക്, കേന്ദ്രപാര, ജഗത്സിംഗ്പൂര്‍ എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുരി, ഖുര്‍ദ, നയാഗര്‍, ധെങ്കനാല്‍ ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് തീരദേശവാസികള്‍ക്ക് മൂന്നറിയിപ്പ് നല്കി.
അപകട മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികളെടുത്തതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. ഏകദേശം 3,00,000 ആളുകളെ ഇതുവരെ മാറ്റി പാര്‍പ്പിച്ചതായാണ് വിവരം. ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത വിമാനത്താവളം നാളെ അടച്ചിടും. വൈകിട്ട് ആറ് മുതല്‍ 15 മണിക്കൂര്‍ നേരമായിരിക്കും അടച്ചിടുകയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.