Newsperseconds.com

യുദ്ധഭീതിയിൽ എണ്ണവില കുത്തനെ ഉയർന്നു; ആഗോള ഓഹരി വിപണികൾ തകർച്ചയിലേക്ക്, രൂപയും റെക്കോർഡ് താഴ്ചയിൽ

Crude Oil

ഹോങ്കോംഗ്: പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ശക്തമായതോടെ ആഗോള സാമ്പത്തിക രംഗം കനത്ത സമ്മർദ്ദത്തിലേക്ക്. അമേരിക്ക–ഇസ്രായേൽ സഖ്യം നടത്തുന്ന ആക്രമണങ്ങൾ രണ്ടാം വാരത്തിലേക്ക് കടന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ തന്നെ എണ്ണവില 20 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 110 ഡോളറിന് മുകളിലെത്തി. 2022ലെറഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. WTI ക്രൂഡ് ഓയിൽ 115 ഡോളറിലേക്കും ബ്രെന്റ് ക്രൂഡ് 114 ഡോളറിലേക്കും ഉയർന്നു. ഇറാനിലെ എണ്ണ ശേഖരണ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണവും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ഉയർത്തി. യുദ്ധം തുടർന്നാൽ എണ്ണവില 200 ഡോളർ വരെ ഉയരാമെന്ന മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്.

എണ്ണവില കുതിച്ചതോടെ ഏഷ്യൻ ഓഹരി വിപണികൾ കനത്ത ഇടിവ് നേരിട്ടു. ദക്ഷിണ കൊറിയയിൽ 8 ശതമാനവും ജപ്പാനിൽ 7 ശതമാനവും തായ്‌വാനിൽ 5 ശതമാനത്തിലധികവും ഇടിവ് രേഖപ്പെടുത്തി. ഹോങ്കോംഗ്, ഷാങ്ഹായ്, സിഡ്നി, സിംഗപ്പൂർ വിപണികളും നഷ്ടത്തിലായി. ആഗോള വിപണിയിലെ അനിശ്ചിതത്വം ഇന്ത്യയെയും ബാധിച്ചു; സെൻസെക്സും നിഫ്റ്റിയും വലിയ നഷ്ടം നേരിട്ടു. അതേസമയം, കൂടുതൽ ഡോളർ ചെലവഴിച്ച് എണ്ണ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം രൂപയെ റെക്കോർഡ് താഴ്ചയിലേക്കാണ് തള്ളിയത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ 92.33 വരെ താഴ്ന്നു. യുദ്ധം തുടരുകയാണെങ്കിൽ പലിശനിരക്കുകൾ ഉയർത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നും അത് സാമ്പത്തിക വളർച്ചയെ ബാധിക്കാമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Share this Article

Leave a Comment