ബംഗാൾ ഉൾക്കടലിൽ “മിദ്ഹിലി” ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് “മിദ്ഹിലി” ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെയോ- നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ബംഗാൾ ഉൾകടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികൾ സ്ഥിതിചെയുന്നുണ്ട്. ചുഴലിക്കാറ്റ് രൂപ്പെട്ടതോടെ കേരളത്തിൽ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 19-11-2023ന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20-11-2023ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.