Newsperseconds.com

പിജി ഡോക്ടറുടെ മരണം; 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനം ചോദിച്ചു; പ്രതിശ്രുത വരന്‍ പോലീസ് കസ്റ്റഡിയില്‍

Capture

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ഷഹാനയുടെ ആത്മഹത്യയില്‍ സുഹൃത്തായ ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആതാമഹത്യകുറിപ്പിലെ ചില സംശയങ്ങളാണ് പോലീസ് റുവൈസിലേക്കെത്തിയത്. കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. തുടര്‍ന്ന് ബന്ധു വീട്ടിലും മറ്റും റുവൈസിനെ പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കരുനാഗപ്പള്ളിയില്‍ വെച്ച് പിടികൂടിയത്.

ഷഹനയുമായി റുവൈസിന്റെ കല്ല്യാണം പറഞ്ഞുവെച്ചിരുന്നു. എന്നാല്‍ 150 പവനും 15 ഏക്കറും ഒരു ബിഎംഡബ്ല്യൂ കാറുമാണ് റുവൈസ് ചോദിച്ചിരുന്നത്. തുടര്‍ന്ന് കല്യാണം മുടങ്ങിയതിനാല്‍ ഷഹാന വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷഹാന മാനസികമായി തളര്‍ന്നിരുന്നുവെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിനിയായ ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക് ഷഹാന എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹാനയുടെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്, ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും മാത്രമാണ് കുറിപ്പിലുള്ളത്.

Share this Article

Leave a Comment