ന്യൂഡല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ, പിന്നോക്ക സംവരണ വിഭാഗത്തില്‍ പെടുന്ന അര്‍ഹരായവര്‍ക്ക് മെറിറ്റില്‍ ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന് സുപ്രീം കോടതി. മധ്യപ്രേദേശില്‍ സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ജനറല്‍ ക്വോട്ടയില്‍ സീറ്റ് നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ യോഗ്യത ലഭിക്കുകയാണെങ്കില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പിന്നാക്കവിഭാഗത്തില്‍പ്പെടുന്ന ഹര്‍ജിക്കാരായ രാംനരേശിനും ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണമില്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ(Unreserved Government Schools, UR-GS) ക്വാട്ട സീറ്റുകളില്‍ പ്രവേശനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിഭാഗത്തില്‍പ്പെടുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 77 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ മെറിറ്റില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാനുള്ള മാര്‍ക്കുണ്ടായിട്ടും പിന്നാക്ക വിഭാഗങ്ങളെ ഈ സീറ്റുകളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സംവരണത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന് വാദിച്ച് മധ്യപ്രദേശിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സീറ്റ് നിരസിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശ് സംസ്ഥാനത്തിന്റെ തീരുമാനം ശരിയാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.
സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മെഡിക്കല്‍,എന്‍ജിനിയറിംഗ് കോഴ്‌സുകളില്‍ സംവരണക്കാര്‍ക്ക് ജനറല്‍ ക്വാട്ട പ്രവേശനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും. നിലവിലെ പ്രോസ്പെക്ടസ് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ പ്രവേശനം. പട്ടികജാതി – പട്ടികവര്‍ഗ പിന്നാക്ക സംവരണ വിഭാഗങ്ങളിലെ മെറിറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷത്തെ പ്രവേശനത്തില്‍ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. അടുത്ത വര്‍ഷത്തെ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് മാര്‍ച്ചിലാണ് ഇറങ്ങുന്നത്.
അതിനു മുന്‍പായി പ്രോസ്പെക്ട് റീവാംപ് കമ്മിറ്റി ചേര്‍ന്ന് സര്‍ക്കാരിലേക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും.
സര്‍ക്കാരിന്റെ തീരുമാനത്തിന് വിധേയമായി നടപ്പാക്കും. പിഎസ് സി നിയമനങ്ങള്‍ക്കും വിധി ബാധകമായിരിക്കും.