സാമൂഹ്യമാധ്യമങ്ങളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന മുഖമാണ് ട്രാന്‍സ്‌ജെന്‍ണ്ടര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. തന്റേതായ ശൈലിയില്‍ ഭക്ഷണമുണ്ടാക്കി ഇന്‍സ്റ്റാഗ്രാമില്‍ പ്രേക്ഷകരെ കൊതിപ്പിക്കുന്ന സീമക്ക് ആരാധകര്‍ ഏറെയാണ്. ഈ അടുത്താണ് സീമയുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. എന്നാല്‍ താരം ഇപ്പോള്‍ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന കുറിപ്പ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഒരുപാട് ആലോചിച്ചതിന് ശേഷം പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഞാനും നിശാന്തും വിവാഹ നിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു എന്നാണ് കുറിപ്പ്. തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടാണ് ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയതെന്നും സീമ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
”ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂര്‍വം നിങ്ങളെ അറിയിക്കുന്നു. നന്ദി… സീമ വിനീത്”
എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി എന്ന ക്യാപ്ഷനൊപ്പമാണ് അന്ന് ഭാവി വരനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങള്‍ സീമ പങ്കിട്ടത്. പിന്നീട് നിശാന്തിനെ ജോലിക്കായി വിദേശത്തേക്ക് യാത്രയാക്കുന്ന വീഡിയോയും ഫോട്ടോയുമെല്ലാം സീമ ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു.