Newsperseconds.com

ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ സാമ്പത്തിക പരിമിതിയോ? ഏഴര ലക്ഷം വരെ വിദ്യാഭ്യാസ വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി; പി.എം വിദ്യാലക്ഷ്മി പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

Untitled 1

ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ സാമ്പത്തിക പരിമിതികള്‍ ആരെയും തടസ്സപ്പെടുത്താതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പുതിയ കേന്ദ്രമേഖലാ പദ്ധതിയാണ് പിഎം വിദ്യാലക്ഷ്മി. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ മറ്റൊരു പ്രധാന സംരംഭമാണ് പിഎം വിദ്യാലക്ഷ്മി.

ദേശീയ സ്ഥാപന റാങ്കിങ് ചട്ടക്കൂട് (എന്‍.ഐ.ആര്‍.എഫ്.) പ്രകാരം ആദ്യ നൂറു റാങ്കിലുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദ്യ 200 റാങ്കിലുള്ള സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സ്ഥാപനങ്ങളിലും (860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും. പിഎം വിദ്യാലക്ഷ്മി സ്‌കീമിന് കീഴില്‍, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും കോഴ്സുമായി ബന്ധപ്പെട്ട മുഴുവന്‍ ട്യൂഷന്‍ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈടില്ലാതെയും ജാമ്യരഹിത വായ്പയും ലഭിക്കാന്‍ അര്‍ഹതയുണ്ട്. ലളിതവും സുതാര്യവും വിദ്യാര്‍ത്ഥി സൗഹൃദവുമായ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായും ഡിജിറ്റലും ആയിരിക്കും.

എന്‍ഐആര്‍എഫ് റാങ്കിംഗുകള്‍ നിര്‍ണ്ണയിച്ചിരിക്കുന്ന രാജ്യത്തെ ഉയര്‍ന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ സ്‌കീം ബാധകമായിരിക്കും. മേല്‍പ്പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുള്ള ആര്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷികവരുമാനം എട്ടുലക്ഷം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം വരെയുള്ള വായ്പയ്ക്ക് മൂന്ന് ശതമാനം പലിശയിളവ് നല്‍കും. ബാങ്കുകള്‍ക്ക് ഇത് കേന്ദ്രസര്‍ക്കാര്‍ നല്‍കും. 7.5 ലക്ഷംവരെയുള്ള വായ്പകളുടെ 75 ശതമാനത്തിനും കേന്ദ്രസര്‍ക്കാര്‍ ജാമ്യം നില്‍ക്കും. 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം കൈപറ്റാനാകും. വിദ്യാര്‍ഥി പഠനകാലയളവിലും അതിനുശേഷം ഒരുവര്‍ഷം വരെയും പലിശമാത്രം അടച്ചാല്‍ മതി. ഇതിന് പറ്റാത്തവര്‍ക്ക് പലിശയും ഈ കാലാവധിക്കുശേഷം അടച്ചുതുടങ്ങിയാല്‍ മതി. ഇനി പത്ത് ലക്ഷത്തിന് മുകളില്‍ തുക വേണ്ടവര്‍ക്കും അപേക്ഷിച്ച് തുടങ്ങാം.

അപേക്ഷിക്കേണ്ട വിധം;

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പിഎം വിദ്യാലക്ഷ്മി എന്ന ഏകീകൃത പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. പലിശയിളവിനുള്ള അപേക്ഷയും ഇതിലൂടെ ചെയ്യാം.

 

Share this Article

Leave a Comment