എന്‍എസ്എസ് ആചാര്യന്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ പ്രതിമ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭന്‍. ഭാരതത്തിലെ ജനങ്ങളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാനും അധസ്ഥിത വര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ഉന്നമനത്തിന് വേണ്ടി പടപൊരുതുകയും ചെയ്ത മഹാനായ വ്യക്തി കൂടിയാണ് അദ്ദേഹം. ഇദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി ഭാരത കേസരി സ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്. പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന ആശയത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകാന്‍ നായര്‍ സമുദായത്തേയും മറ്റ് ഇതര സമുദായങ്ങളെയും കൂട്ടി യോജിപ്പിക്കാന്‍ വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട വ്യക്തിത്വം കൂടിയായ മന്നത്ത് പത്മനാഭന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ഗുരുവാണ് എന്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തിന് തിരിതെളിച്ചത്. അതേ സമയം, ഹിന്ദു മഹാമണ്ഡലമെന്ന മഹാപ്രസ്ഥാനത്തിന് ആര്‍ ശങ്കറുമായി ചേര്‍ന്ന് രൂപം കൊടുത്ത മന്നത്ത് പത്മനാഭന്‍ ജാതിയില്ലെന്ന ഗുരുദേവന്റെ വിളംബരത്തിനെ അടിസ്ഥാനപ്പെടുത്തി തന്നെ ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ‘പിള്ള’ എന്ന ജാതിപ്പേര് ഉപേക്ഷിക്കാന്‍ തയ്യാറായ മഹാനായ വ്യക്തിയാണ്. തന്റെ കര്‍മ്മപഥത്തിലൂടെ സഞ്ചരിക്കാന്‍ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനനായ അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ വരുത്തിയ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സമുദായ താല്‍പര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാല്‍പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ എന്നും ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും ആയിരുന്നു. ഇത്തരത്തില്‍ സാമൂഹിക പ്രതിബദ്ധതയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച, ഒരു സമുദായത്തെ മാത്രമല്ല പൊതു സമൂഹത്തെ മൊത്തത്തില്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തിയ മഹാനായ മന്നത്ത് പത്മനാഭന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം ഡോ.രാജീവ്‌മേനോന്‍ അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിക്ക് കൈമാറും.
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കാലയളവില്‍ പ്രധാനമന്ത്രിക്ക് ഡോ.രാജീവ്‌മേനോന്‍ കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച് കൊണ്ടുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കരുതുന്ന സാഹചര്യത്തില്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു ആവശ്യം കൂടി അദ്ദേഹം ഉന്നയിക്കുന്നത്. എക്കാലവും സ്മരിക്കപ്പെടേണ്ട മന്നത്ത് പത്മാനഭനെ കുറിച്ചും ശ്രീനാരായണഗുരുവിനെ കുറിച്ചും ചട്ടമ്പി സ്വാമികളെ കുറിച്ചുമെല്ലാം പുതിയ തലമുറയെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്വാമി വിവേകാനന്ദന്‍ അടക്കമുള്ള മഹത് വ്യക്തിത്വങ്ങള്‍ എന്നും പൊതു സമൂഹത്തിനിടയില്‍ ജീവിച്ചു നില്‍ക്കണം. പുതിയ തലമുറ ഇതിനെ കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാന്‍ വെണ്ടിയാണ് ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ഡോ.രാജീവ്‌മേനോന്‍ ന്യൂസ് പെര്‍ സെക്കന്റ്‌സിനോട് വ്യക്തമാക്കിയിട്ടുള്ളത്.