പ്രതീക്ഷയുടെ കിരണമായി ഉയര്‍ന്നു വന്ന് സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ നേതാവാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന ‘നരേന്ദ്ര മോദി’. ചരിത്രപരമായ ജനപിന്തുണയോടെ 2014 മെയ് 26നു നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ രാഷ്ട്രപതി ഭവന്റെ മുറ്റത്തു ചരിത്രം കുറിക്കപ്പെടുകയായിരുന്നുവെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. വികസന കാഴ്ച്ചപ്പാടുള്ള നേതാവായും കാര്യങ്ങള്‍ വിശദമായി പഠിച്ച് ദരിദ്രരില്‍ ദരിദ്രരായ ജനങ്ങളുടെ ജീവിതത്തില്‍ അര്‍ഥപൂര്‍ണമായ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സ്വഭാവം നരേന്ദ്ര മോദിയെ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ജനങ്ങളില്‍ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ നേതാവാക്കിത്തീര്‍ത്തു. നാല് തവണ മുഖ്യമന്ത്രിയായും മൂന്ന് തവണ പ്രധാനമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത ഏക ഭാരതീയന്‍ എന്ന പദവി ഇന്ന് നരേന്ദ്രമോദിയെന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാവിന് സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലത്തില്‍ പഠനത്തില്‍നിന്ന് ഇടവേള കണ്ടെത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബം നടത്തിയിരുന്ന ചായക്കടയില്‍ ജോലി ചെയ്യേണ്ടിവന്ന സാധാരണ കുടുംബത്തിലെ വിദ്യാര്‍ത്ഥി. ചെറുപ്പത്തിലേ തന്നെ സംവാദങ്ങളില്‍ ഏര്‍പ്പെടാനും പുസ്തകങ്ങള്‍ വായിക്കാനും മോദിക്ക് താല്‍പര്യമായിരുന്നു. തന്റെ സമപ്രായക്കാരില്‍ നിന്നും വ്യത്യസ്ഥമായ ചിന്തയും കാഴ്ചപ്പാടുമുള്ള ബാലനായിരുന്നു മോദി. വായനശീലം ചെറുപ്പം മുതലേ മുതല്‍ക്കൂട്ടായിരുന്നു. നാട്ടിലെ ലൈബ്രറിയിലിരുന്നു മണിക്കൂറുകളോളം പുസ്തകം വായിക്കാറുള്ളത്. വടക്കുകിഴക്കന്‍ ഗുജറാത്തിലെ വഡ്‌നഗറിലാണ് മോദി ജനിച്ചതും വളര്‍ന്നതും. സമൂഹത്തില്‍ ഗുണപരമായ മാറ്റം യാഥാര്‍ഥ്യമാക്കണമെന്നു കുട്ടിക്കാലം മുതല്‍ തന്നെ നരേന്ദ്ര മോദി ആഗ്രഹിച്ചു. ആത്മീയതയിലേക്കു നയിച്ചതു സ്വാമി വിവേകാനന്ദന്റെ കൃതികള്‍ വായിച്ചുണ്ടായ അറിവാണ്. ഇത് ഇന്ത്യയെ ലോക ഗുരു ആക്കിത്തീര്‍ക്കണമെന്ന വിവേകാനന്ദ സ്വാമിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായി യത്നിക്കാനുള്ള തീരുമാനത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തുവെന്ന് ആര്.സി രാജീവ്ദാസ് പറഞ്ഞു.

ഇന്ത്യാ രാജ്യം ചുറ്റിക്കാണുന്നതിനായി 17-ാം വയസ്സിലാണ് മോദി വീടു വിട്ടിറങ്ങിയത്. ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തെ തൊട്ടറിഞ്ഞുള്ള യാത്ര പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുത്തു. ജീവിതത്തില്‍ എന്തുനേടണമെന്ന നിശ്ചയദാര്‍ഢ്യമുള്ള പുതിയ മനുഷ്യനായാണ് മോദി വീട്ടിലേക്ക് തിരിച്ചെത്തിയത്. അഹമ്മദാബാദിലെത്തിയാണ് രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍.എസ്.എസ്.)ല്‍ ചേര്‍ന്നത്. ആര്‍.എസ്.എസ്. പ്രചാരക് ആയതോടെ പിന്നീടങ്ങോട്ട് അഹമ്മദാബാദില്‍ കഠിന പ്രയത്നത്തിന്റെ നാളുകളായിരുന്നു. രാവിലെ അഞ്ചു മണിക്ക് ഉണര്‍ന്നാല്‍ രാത്രി വൈകുവോളം കര്‍മനിരതനായിരിക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ, 1970കളുടെ അവസാന കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനാധിപത്യ അവകാശങ്ങള്‍ പുന:സ്ഥാപിക്കാനായി നിലകൊണ്ട പ്രസ്ഥാനത്തില്‍ അദ്ദേഹം സജീവമായി.

1980 കളോടെ സംഘത്തില്‍ വിവിധ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. സംഘാടന മികവിന്റെ അംഗീകാരമായി ഓര്‍ഗനൈസറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിതനായതോടെ 1987ല്‍ നരേന്ദ്ര മോദിയുടെ ജീവിതത്തില്‍ പുതിയ അധ്യായത്തിനു തുടക്കമായി. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പി. ആദ്യം ജയം നേടിയ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. 1990ല്‍ കോണ്‍ഗ്രസിനു കിട്ടിയതില്‍ അല്പം മാത്രം കുറവു സീറ്റ് കിട്ടിയ പാര്‍ട്ടിയെന്ന നിലയിലേക്കു ബി.ജെ.പിയെ വളര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു. 1995ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സംഘാടനപാടവം വിജയിക്കുകയും പാര്‍ട്ടിക്കു ലഭിച്ച വോട്ടില്‍ ഗണ്യമായ വര്‍ധനയുണ്ടാകുകയും ചെയ്തു. ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുമായി 1995 മുതല്‍ അദ്ദേഹം ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലെത്തി. പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിനായി പ്രവര്‍ത്തിച്ചു. 2001 സെപ്റ്റംബറില്‍ പ്രധാനമന്ത്രി വാജ്പേയിയില്‍നിന്നു ലഭിച്ച ഒരു ഫോണ്‍ കോളാണ് പ്രതിസന്ധികള്‍ നിറഞ്ഞ സംഘടനാ പ്രവര്‍ത്തനത്തില്‍നിന്നു നരേന്ദ്ര മോദിയുടെ ജീവിതത്തെ ഭരണനിര്‍വഹണത്തിന്റെ ലോകത്തിലേക്കു വഴിതിരിച്ചുവിട്ടതെന്നും ആര്‍. സി രാജീവ് ദാസ് പറഞ്ഞു.

മികവുറ്റ കാമ്പുള്ള സംഘാടകനില്‍ നിന്ന്, ഒരു ദശാബ്ദത്തിലേറെ നീണ്ട മെച്ചമാര്‍ന്ന ഭരണം കാഴ്ചവയ്ക്കുക വഴി ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നേതാവിലേക്കുള്ള പരിണാമം അതിവേഗത്തിലായിരുന്നു. മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം 2001-ല്‍ കേശുഭായ് പട്ടേല്‍ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും 2002-ലും 2007-ലും തുടര്‍ന്ന 2012-ലും മോദി തന്നെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ നിന്നും, മോദി പാര്‍ലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി 2014 മേയ് 20-ന് നരേന്ദ്രമോദിയെ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നിയമിച്ചു. പിന്നീട് പ്രധാനമന്ത്രിയായി 2019 ലും ഇപ്പോള്‍ 2024 ലും നരേന്ദ്രമോദി തന്നെ ചുമതലയേറ്റു. അതില്‍ ഇന്ത്യാരാജ്യം അഭിമാനിക്കുന്നുവെന്നും ആര്‍.സി രാജീവ്ദാസ് പങ്കുവെച്ചു.

മനക്കരുത്തിന്റെയും പ്രതിസന്ധികളില്‍ തളരാത്ത ശക്തമായ നേതൃഗുണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തനായ നേതാവ്. രാഷ്ട്രീയ സംഘാടനത്തില്‍നിന്നു ഭരണത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ ചുവടുമാറ്റത്തിനു യാതൊരു വിധ പരിശീലനവും ലഭിച്ചിരുന്നില്ല. ഭരിക്കേണ്ടത് എങ്ങനെയെന്ന് പഠിച്ചത് ഭരണാധികാരിയായി ചുമതലയേറ്റ ശേഷം മാത്രമാണ്. അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ നൂറു ദിനങ്ങള്‍ നരേന്ദ്ര മോദിയെന്ന വ്യക്തി എങ്ങനെ ഭരണാധികാരിയായി രൂപാന്തരപ്പെട്ടു എന്നു വെളിവാക്കിത്തരുന്നു. വിമര്‍ശനങ്ങളും എതിര്‍പ്പുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു വളര്‍ച്ചയിലേക്കുള്ള വഴി. കഴിഞ്ഞ ഒരു ദശാബ്ദമായി നരേന്ദ്രമോദിയുടെ സ്വഭാവത്തില്‍ സ്ഥായിയായി നിലകൊള്ളുന്ന, എടുത്തുപറയത്തക്ക സവിശേഷതയാണ് പ്രതിസന്ധിയിലും തളരാത്ത നേതൃഗുണം. ഭരണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമാകട്ടെ, എല്ലായ്പ്പോഴും രാഷ്ട്രീയത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ പ്രകടനത്തിലുള്ള മികവിന്റെ പ്രതിഫലനമാണു ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍നിന്നു ഗുജറാത്ത് ഗവണ്‍മെന്റിനു ലഭിച്ച അവാര്‍ഡുകള്‍. ഇന്ത്യയിലെ ഏറ്റവുമധികം വിജയിച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന നിലയിലും ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളെന്ന നിലയിലുമുള്ള വിലയേറിയ അനുഭവ സമ്പത്തോടുകൂടിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിപദമേറിയത്. ആദ്യമായാണ് ഒരു കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രി ഇത്ര ദീര്‍ഘമായി പദവിയില്‍ തുടരുന്നതെന്നും ആര്‍.സി രാജീവ്ദാസ് ഓര്‍മ്മപ്പെടുത്തി.