Newsperseconds.com

‘ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാനായ ദേശസ്‌നേഹി’; ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകളുണര്‍ത്തി ആര്‍പിഐ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍

Untitled 1

ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകളുണര്‍ത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നുവെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിലെ ജനങ്ങളുടെ മനസ്സില്‍ ദേശീയ അവബോധം ഊട്ടിയുറപ്പിക്കാന്‍ നിരന്തരം പരിശ്രമിച്ച ചുരുക്കം ചില നേതാക്കന്മാരില്‍ ഒരാളാണ് ശ്യാമപ്രസാദ് മുഖര്‍ജി. രാജ്യത്ത് കോണ്‍ഗ്രസ് ഇതര രാഷ്ട്രീയം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ആദ്യ രാഷ്ട്രീയ ബദല്‍ സംവിധാനത്തിന് പ്രയത്നിച്ചതും മുഖര്‍ജിയായിരുന്നു. എന്നാല്‍ അധികനാള്‍ സ്വതന്ത്രപൂര്‍വ്വ ഭാരതത്തില്‍ ജീവിച്ചിരിക്കാന്‍ ഡോ. മുഖര്‍ജിക്ക് സാധിച്ചില്ല. എന്നാല്‍ രാഷ്ട്രീയ ഭാരതത്തില്‍ അദ്ദേഹം കൊളുത്തിയ തിരിവെട്ടം പിന്നീട് ഈ രാജ്യത്തിന്റെ ഗതിവിഗതികളെ തന്നെ മാറ്റിമറിച്ചുവെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

1950 കാലഘട്ടത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മന്ത്രിസഭയില്‍ വ്യവസായ-വിതരണ മന്ത്രിയായിരുന്നു ശ്യാമ പ്രസാദ് മുഖര്‍ജി. എന്നാല്‍, അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി. കോണ്‍ഗ്രസ് വിട്ടശേഷം ശ്യാമ പ്രസാദ് മുഖര്‍ജി 1951 ല്‍ ഭാരതീയ ജനസംഘം സ്ഥാപിച്ചു, അത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) മുന്‍ഗാമിയാണ്. ഭാരതീയ ജനസംഘം സൃഷ്ടിക്കപ്പെട്ടത് രാഷ്ട്രനിര്‍മ്മാണവും എല്ലാവരെയും ദേശീയവല്‍ക്കരിക്കുകയും അവരില്‍ ഭാരത സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. ഒരു രാജ്യത്ത് രണ്ടു ഭരണഘടനകളും, രണ്ടു പ്രധാനമന്ത്രിമാരും, രണ്ടു പതാകകളും’ എന്നത് അനുവദനീയമല്ല എന്നായിരുന്നു മുഖര്‍ജിയുടെ എക്കാലത്തെയും ആവശ്യം. ഈ മുദ്രാവാക്യം ആദ്യം ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയുടെയും നയവും മാര്‍ഗ്ഗനിര്‍ദ്ദേശക തത്വവുമായി മാറി. അദ്ദേഹത്തിന്റെ മരണത്തിലെ സംശയങ്ങള്‍ ഇന്നും നീങ്ങിയിട്ടില്ല. മരണപ്പെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഭാരതം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാവുന്ന പ്രതിഭാശാലിയായിരു ശ്യാമപ്രസാദ് മുഖര്‍ജിയെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.

ഇന്ത്യാമഹാരാജ്യത്തിനും ഒരു ഭരണഘടനയ്ക്കും ഒരു പതാകയ്ക്കും വേണ്ടിയാണ് സ്വതന്ത്ര്യ സമരസേനാനി ശ്യാമപ്രസാദ് മുഖര്‍ജി തന്റെ ജീവന്‍ ബലിയര്‍പ്പിച്ചതെന്ന് ഡോ. രാജീവ്‌മേനോന്‍ ഓര്‍മിപ്പിച്ചു. ജമ്മു കശ്മീരിന് സ്വയംഭരണ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-നെ ശ്യാമ പ്രസാദ് മുഖര്‍ജി ശക്തമായി എതിര്‍ത്തു. ദേശീയ ഐക്യത്തിന് ഭീഷണിയായാണ് അദ്ദേഹം അതിനെ കണ്ടത്. 1953-ല്‍ അദ്ദേഹം നിയമവിരുദ്ധമായി കശ്മീര്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് സംസ്ഥാനത്തിനുള്ളില്‍ സ്ഥിരതാമസമാക്കുന്നത് വിലക്കുന്ന നിയമത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി. അവര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി, ഐഡി കാര്‍ഡ് നിയമം അസാധുവാക്കിയെങ്കിലും 1953 ജൂണ്‍ 23 ന് അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. മഹാനായ ദേശസ്‌നേഹി, ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക അധ്യക്ഷന്‍, ദേശീയവാദികളുടെ വഴികാട്ടി, ആദരണീയനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ മുഴുവന്‍ ജീവിതവും ത്യാഗവും രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment