Newsperseconds.com

വയനാട്ടിലെ ദുരന്ത പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ‘അമൃതവര്‍ഷം 71’; പിറന്നാള്‍ ദിനത്തില്‍ വിവിധ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനവും സഹായ പ്രഖ്യാപനങ്ങളും

Untitled 1

മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി നടത്തുന്ന പരിപാടികള്‍ക്ക് തുടക്കമായി. വയനാട് അടക്കമുള്ള പ്രദേശങ്ങളിലെ ദുരന്തങ്ങളുടെ സാഹചര്യത്തില്‍ ഇക്കുറി വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കാനാണ് ആശ്രമത്തിന്റെ തീരുമാനം. ആര്‍ഭാടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി കൊണ്ട് ‘അമൃതവര്‍ഷം 71’ എന്ന ചടങ്ങില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, സഹായവിതരണവും നടക്കും. എങ്കിലും സാധാരണയായി നടക്കുന്ന പരമ്പരാഗത ഗുരുപൂജയും, പാദപൂജ ചടങ്ങും നിര്‍വ്വഹിക്കും. കൂടാതെ നിര്‍ധന കുടുംബത്തിലെ യുവതി യുവാക്കളുടെ സമൂഹ വിവാഹവും ആശ്രമം മുന്‍കൈ എടുത്ത് നടത്തും. കേരളത്തിലെ പൊതുശുചിത്വ നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോടികണക്കിന് രൂപയാണ് അമ്മ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയത്. ഇത്തവണയും കൂടുതല്‍ സഹായ പ്രഖ്യാപനങ്ങള്‍ നടക്കും. പ്രകൃതി ദുരന്തങ്ങളുടെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് സഹായഹസ്തം നീട്ടുന്നതിനും അമ്മ എന്നും മുന്നിലാണ്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ ദുരന്തമുന്നറിയിപ്പുകള്‍ നല്‍കുന്ന വിധത്തിലുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ ആശ്രമത്തിന്റെ ഭാഗത്ത് നിന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. ആശ്രമത്തിലെ സൈന്റിസ്റ്റുകള്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് നടപടികള്‍ കൈകൊള്ളുന്നത്. ആഘോഷങ്ങള്‍ ഒഴിവാക്കി വളരെ ലളിതമായ രീതിയില്‍ ആയിരിക്കും അമ്മയുടെ 71-ാം ജന്മദിനാഘോഷം നടക്കുക.

ജന്മദിനമായ സെപ്റ്റംബര്‍ 27 നാണ് പ്രധാനപ്പെട്ട പൂജകള്‍ നടക്കുക. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള സഹായങ്ങള്‍ ട്രസ്റ്റിന്റെ കീഴില്‍ ഇപ്പോഴും നടന്നു വരികയാണ്. കൂടുതല്‍ പദ്ധതികള്‍ അമൃതവര്‍ഷം 71 ല്‍ നടപ്പിലാക്കും. ഈ വര്‍ഷം ചീഫ് ഗസ്റ്റ് ഇല്ലാതെ ആശ്രമത്തില്‍ വെച്ചാണ് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ ദുര്‍ബലര്‍ക്ക് താങ്ങാകാനും അവരുടെ മിഴിനീരൊപ്പാനും അമ്മയുടെ പുതിയ സഹായ സേവന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. മനുഷ്യരുടെ അടിസ്ഥാനപരമായ അഞ്ച് ആവശ്യങ്ങള്‍ നിറവേറ്റാനാണ് അമ്മ എപ്പോഴും ആഹ്വാനം ചെയ്യുന്നതും സ്വയം ഇടപെടുന്നതും. ഭക്ഷണം, കിടപ്പാടം, ആരോഗ്യശുശ്രൂഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയാണ് അവ. അമ്മയുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക, ദരിദ്രസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചടങ്ങില്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. അതു കൂടാതെ, അമൃതകീര്‍ത്തി പുരസ്‌കാര ചടങ്ങുകള്‍ ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷത്തിലേറെ ഭക്തര്‍ കവിഞ്ഞൊഴുകിയ ജന്മദിനാഘോഷത്തില്‍ ഇത്തവണ 20,000 ത്തിന് താഴെ ആളുകളാണ് പങ്കെടുക്കുക. എങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും അമ്മയെ കാണാന്‍ ഭക്തര്‍ എത്തും.

അതേ സമയം, 70-ാം ജന്മദിനാഘോഷത്തില്‍ നടന്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖരായിരുന്നു അമൃത വിശ്വവിദ്യാപീഠം കാമ്പസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ജന്മദിനാഘോഷത്തില്‍ സജീവ സാന്നിധ്യമായി ഏറെ നേരം അമൃതാനന്ദമയിക്കൊപ്പം സമയം ചെലവിട്ടാണ് മോഹന്‍ലാല്‍ തിരിച്ചുപോയത്. പാദപൂജ ചടങ്ങിലും മോഹന്‍ലാല്‍ സജീവ സാന്നിദ്ധ്യമായിരുന്നു. മോഹന്‍ലാലിനെ അമൃതാനന്ദമയി സന്തോഷത്തോടെ ആശ്ലേഷിക്കുന്നതും അനുഗ്രഹം നല്‍കുന്നതുമായ വിഡിയോകളും ഫോട്ടോകളും ആരാധകര്‍ക്കിടയില്‍ വൈറല്‍ ആയിരുന്നു. ഇത്തവണ വിവിഐപികള്‍ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.

 

Share this Article

Leave a Comment