ഡോക്ടര്‍ സി വി രഞ്ജിത്ത് സംഗീതസംവിധാനവും സംവിധാനവും നിര്‍വഹിക്കുന്ന ദേശഭക്തിഗാനമായ വന്ദേമാതരം : എ ഫീല്‍ ഓഫ് പാട്രിയോട്ടിസം എന്ന ഗാനം പുറത്തിറങ്ങി. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിവിധ പ്രദേശങ്ങളുടെ മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഗാനം ഒരു പുത്തന്‍ അനുഭവമായിരിക്കും. 6 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന് വേണ്ടി കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്ന് ഡോ. സി വി രഞ്ജിത്ത് പറഞ്ഞു.
ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളുടെയും നഗരങ്ങളുടെയും വ്യതസ്ത കാഴ്ചകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാന ചിത്രീകരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആരംഭിച്ചത് . ഡല്‍ഹി,ആഗ്ര, അമൃത് സര്‍ ,കുളു മനാലി , ലഡാക്ക് ,കേദാര്‍നാഥ് ,ശ്രീനഗര്‍ , കേരന്‍, മുംബൈ, ബാംഗ്ലൂര്‍ , മൈസൂര്‍, ഹംപി , ഹൈദരബാദ്, ഗ്വാഹട്ടി,മേഘാലയ, ഒറീസ, ജയ്പൂര്‍ , അജ്മീര്‍ , കൊല്‍ക്കൊത്ത, വാരണാസി , ബറോഡ, ലക്‌നൗ , കന്യാകുമാരി , ധനുഷ്‌കോടി , മധുര തുടങ്ങി കേരളത്തില്‍ വാഗമണ്‍ , തിരുവനന്തപുരം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ ഭംഗി ഗാന രംഗങ്ങളില്‍ കാണാം.
ഇന്ത്യയുടെ ആദ്യ ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്ന കേരന്‍ എന്ന സ്ഥലത്തെ ഗാന ചിത്രീകരണം ഡോക്ടര്‍ സി വി രഞ്ജിത്തിന് മറക്കാന്‍ കഴിയാത്ത അനുഭവം ആയിരുന്നു. ഒരു നദിക്ക് ഇരുവശവുമായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തികള്‍ നിലനില്‍ക്കുന്നത് ഈ ഗ്രാമത്തില്‍ നിന്നുമുള്ള കാഴ്ചയാണ്. പുതിയ പലതരം ഗാനങ്ങള്‍ പുറത്തിറങ്ങുകയും സമൂഹ മാധ്യമങ്ങളില്‍ തരംഗ മാവുകയും ചെയ്യാറുണ്ട്. എന്നാല്‍ യുവാക്കളില്‍ ദേശ സ്‌നേഹം ഉണര്‍ത്തുന്ന ഗാനങ്ങള്‍ കുറവാണ്. വൈവിധ്യങ്ങളിലെ ഏകത്വം എന്ന ആശയവും ഇന്ത്യ എന്ന വികാരവും ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഇത്തരമൊരു ഗാനം ഒരുക്കാനുള്ള പ്രചോദനം എന്ന് ഡോ സി വി രഞ്ജിത്ത് പറയുന്നു. ‘ കേട്ടു ശീലിച്ച ഈണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദേശഭക്തി തുളുമ്പുന്ന ഒരു പുതിയ ഈണം സൃഷ്ടിക്കുക എന്നത് ഏറെ ശ്രമകരവും വെല്ലുവിളി നിറഞ്ഞതും ആയിരുന്നു.
സംഗീത സംവിധാനത്തിനൊപ്പം ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിക്കുന്നതും ഡോക്ടര്‍ സി വി രഞ്ജിത്ത് തന്നെയാണ്. ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്ത് ആണ് ഗാനത്തിനായി വരികള്‍ രചിച്ചത്. ഡോക്ടര്‍ സി വി രഞ്ജിത്ത് ഒരുക്കിയ ഈണം ആലപിക്കുന്നത് മുംബൈയിലെ ഗായകനായ അസ്ലം കേയി ആണ്. ശബ്ദ മിശ്രണം നിര്‍വഹിച്ചിരിക്കുന്നത് അശ്വിന്‍ ശിവദാസ്. സനില്‍ കൂത്തുപറമ്പ് , പി വി രഞ്ജിത്ത് ,ഡോ സി വി രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് : ദീപ്തി ,നിവേദ്. വി എഫെക്‌സ് : അഭി, ജൂഹി. മുന്‍ മിസ്റ്റര്‍ പഞ്ചാബ് സത്കര്‍താര്‍ സിംഗ് ഗാനത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട് . സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ വിജയി ഇന്ത്യയിലെ തരംഗവുമായ ആവിര്‍ ഭവ് ഗാനത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവ് മയൂര്‍ കെ ഭരോട്ടിന്റെ വൈറ്റ് മെഷര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഗാനം പുറത്തിറക്കുന്നത്.
നേരത്തെ ടൂറിസത്തിനായി ഡോ. സി വി രഞ്ജിത്ത് ഒരുക്കിയ ‘ ദ സോംഗ് ഓഫ് കണ്ണൂര്‍ : ഹെവന്‍ ഓഫ് ടൂറിസം എന്ന ഗാനം തരംഗമായിരുന്നു. പ്രസ്തുത ഗാനത്തിലൂടെ ബാബാസാഹിബ് ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ അന്താരാഷ്ട്ര പുരസ്‌കാരവും ഡോക്ടര്‍ സി വി രഞ്ജിത്ത് നേടിയിരുന്നു. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കുറിച്ച് 20 ഇന്ത്യന്‍ ഭാഷകളില്‍ പാട്ട് ഒരുക്കി ഡോ. സി വി രഞ്ജിത്ത് ശ്രദ്ധ നേടിയിരുന്നു.