തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്്ക്കും ഡിജിപിക്കും പരാതി നല്‍കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരെ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി പിവി അന്‍വര്‍ നടത്തിയ ആരോപണങ്ങളെല്ലാം ഗുരുതരമാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. പിവി അന്‍വറും മലപ്പുറത്തെ മുന്‍ എസ് പിയായ സുജിത് ദാസും തമ്മിലെ ഒരു ഫോണ്‍ സംഭാഷണം പുറത്തു വന്ന പശ്ചാത്തലത്തിലാണ് അമിത്ഷായ്ക്കും, ഡിജിപിക്കും പരാതി നല്‍കിയത്. ചാനലുകളിലൂടെ കേട്ട ഫോണ്‍ സംഭാഷണത്തില്‍ പലരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ സമ്മതിക്കുന്നുണ്ടെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് എംഎല്‍എ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് അയച്ച പരാതിയുടെ പൂര്‍ണ്ണരൂപം:-

പൊലീസ് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടേയും ഫോണ്‍ ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ സമ്മതിക്കുന്നു. മലപ്പുറം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരത്തില്‍ അടക്കം വ്യാജ ടെലിഫോണ്‍ എക്‌സചേഞ്ചുകളും മറ്റും ഉണ്ടെന്ന വസ്തുത കേരളാ പോലീസ് തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ആരോപണം ഗുരുതരമാണെന്ന് പരാതിയില്‍ പറഞ്ഞു. കേരളത്തിലെ സാധാരണ ജനതയ്ക്ക് സമാധാനാമായി ഉറങ്ങാന്‍ കഴിയുന്നത് പോലീസ് സേനയുടെ സുരക്ഷിതത്വം ഉണ്ടെന്ന ഉറപ്പിലാണ്. സാധാരണ ജനതയുടെ കാവലാളായി നില്‍ക്കുന്ന സേനയെക്കുറിച്ച് ആര് ആരോപണം ഉന്നയിച്ചാലും മലയാളിയ്ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആയതിനാല്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ കടുത്ത ശിക്ഷ ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിച്ച് സേനയെ കളങ്കരഹിതമാക്കണമെന്നും പരാതിയിലുണ്ട്.
ഡിജിപിക്ക് അയച്ച പരാതിയുടെ പൂര്‍ണ്ണരൂപം:-

പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന സമ്മതം സത്യസന്ധരായ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ പോലും സമ്മര്‍ദ്ദത്തിലാക്കുന്നതും പോലീസ് സേനയ്ക്ക് കളങ്കം ഏല്‍പിക്കുകയും ചെയ്യുന്നതാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ എതിരെ കടുത്ത ശിക്ഷ ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. കേരളത്തിന്റെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായിവിജയനടക്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമ്പോള്‍ അന്വേഷണം മുന്നോട്ട് പോകാന്‍ സാധ്യതയില്ലെന്നും ദേശീയ ഏജന്‍സി ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും അമിത്ഷായ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. മന്ത്രിമാരുടേയും രാഷ്ട്രീയ നേതാക്കന്മാരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയുമെല്ലാം ഫോണ്‍സന്ദേശം ചോര്‍ത്തി എന്നുള്ളത് പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണമാണ്. എന്നാല്‍ പിവി അന്‍വര്‍ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകരുടേയെല്ലാം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും ഇതിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം.ആര്‍. അജിത്കുമാര്‍ പത്തനംതിട്ട എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭരണകക്ഷി എംഎല്‍എ രംഗത്ത് വന്നത്. അജിത്കുമാര്‍ തന്റെയും മന്ത്രിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയെന്നും പോലിസിനെ നിയന്ത്രിക്കുന്നത് കൊടും ക്രിമിനലുകളാണെന്നും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എഡിജിപി കൊലയാളിയാണെന്നും ദാവൂദ് ഇബ്രാഹിമാണ് അദ്ദേഹത്തിന്റെ റോള്‍മോഡലെന്നും നിലമ്പൂര്‍ എംഎല്‍എ ആരോപിച്ചിരുന്നു.