ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. അറസ്റ്റിലായി മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച നടന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവ് വൈകി ജയിലില്‍ എത്തിയതിനാല്‍ പുറത്തിറങ്ങാനായില്ല. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലെ എ1 ബാരക്കിലാണ് അല്ലു അര്‍ജുനെ പാര്‍പ്പിച്ചത്.
അല്ലു അര്‍ജുന് ഇടക്കാല ജാമ്യം നല്‍കാനുള്ള കോടതി തീരുമാനം വൈകിയതിനാല്‍ ഇന്ന് രാവിലെയാണ് അല്ലു അര്‍ജുന്റെ മോചനം നടക്കുകയെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, ടാസ്‌ക് ഫോഴ്സ് വെള്ളിയാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലു അര്‍ജുനെ മോചിപ്പിച്ചില്ലെന്നും ഇതിനു മറുപടി പറയേണ്ടിവരുമെന്നും നടന്റെ അഭിഭാഷകന്‍ അശോക് റെഡ്ഡി പറഞ്ഞു. യുവതിയുടെ മരണത്തിന്റെ ഉത്തരവാദിത്വം നടന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം. മോചനം വൈകിയതില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതിനിടെ ചഞ്ചല്‍ഗുഡ ജയിലിന് പുറത്ത് താരത്തിന്റെ നിരവധി ആരാധകരാണ് ഒത്തുകൂടിയിരിക്കുന്നത്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.