ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒമ്പതുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ചികിത്സയില്‍ തുടരുന്നതിനിടെയാണ് മസ്തിഷ്‌ക മരണം. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അമ്മ രേവതി മരിച്ചിരുന്നു. ശ്രീതേഷ് (9) ആണ് മസ്തിഷ്‌ക മരണം സംഭവിച്ചത്.
സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്‌നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു.