തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോള്‍ കണ്ണൂരും തൃശൂരും, കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം. തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി കലോത്സവം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. പോയന്റ് നിലകളില്‍ ഒന്നും രണ്ടും മാറ്റത്തിലാണ് മൂന്ന് ജില്ലകളും കുതിച്ചോടുന്നത്. കണ്ണൂരിന് 479 പോയിന്റും തൃശൂരിന് 476 പോയിന്റും കോഴിക്കോടിന് 474 പോയിന്റുമാണ് ഉള്ളത്. 470 പോയിന്റുമായി പാലക്കാടാണ് നാലാം സ്ഥാനത്തുള്ളത്.
മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് മൂന്നാം ദിനത്തില്‍ വേദികളില്‍ അരങ്ങേറിയത്. പ്രവൃത്തി ദിനമായിട്ടും പരിപാടികള്‍ കാണാന്‍ വന്‍തിരക്കാണ് എല്ലാ സ്റ്റേജുകളിലുമുള്ളത്. കലോത്സവത്തിലെ സൂപ്പര്‍ ഹിറ്റ് മത്സരങ്ങള്‍ കാണാന്‍ ഇന്ന് രാവിലെ മുതല്‍ കാണികളുടെ ഒഴുക്കായിരുന്നു. മൂകാഭിനയ വേദിയില്‍ വയനാടിന്റെ ദുഖവും അതിജീവനവുമായിരുന്നു നിറഞ്ഞ് നിന്നത്. സംഘാടനത്തില്‍ കാര്യമായ പരാതികളില്ലാതെയാണ് തലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. സ്വര്‍ണ്ണക്കപ്പിനായുള്ള വീറും വാശിയും കടുക്കുകയാണ്.