Newsperseconds.com

അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

Plane Crash Guj

അഹമ്മദാബാദ്: അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് AI171 വിമാനം ദാരുണമായ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മരണം 265 ആയി. ബോയിങ് 787-8 ഡ്രീംലൈനര്‍ മോഡലിലുള്ള വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാളൊഴികെ മുഴുവന്‍പേരും മരിച്ചതായാണ് സ്ഥിരീകരിച്ചത്. രക്ഷപ്പെട്ടത് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷാണ്.

എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തേക്കുപോയ വിശ്വാസ് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം വീണ സ്ഥലത്ത് ഉണ്ടായിരുന്ന അഞ്ച് പേര്‍ കൂടി മരണമടഞ്ഞു. മരണപ്പെട്ടവരില്‍ നാല് എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയുമുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ സഹായിക്കുന്ന ബ്ലാക്ക് ബോക്‌സ് അന്വേഷണ സംഘം കണ്ടെത്തി. നിരവധി വിദ്യാര്‍ഥികളെ ഇനിയും കാണാനില്ല. 11 പേര്‍ ചികിത്സയില്‍ തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നു ആശുപത്രിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. 53 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമുള്‍പ്പെടെ 61 വിദേശികളുമുണ്ടായിരുന്നു. 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. 12 ജീവനക്കാരില്‍ രണ്ട് പൈലറ്റുമാരും 10 കാബിന്‍ ക്രൂവുമായിരുന്നു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ യുകെയില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുമുണ്ട്.

വിമാനം പറന്നുയര്‍ന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയര്‍ന്ന ഉടന്‍ പൈലറ്റുമാര്‍ അപകട സന്ദേശം അയച്ചു. എന്നാല്‍ പിന്നീട് സിഗ്‌നല്‍ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിനു മുകളില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് തീ ഉയര്‍ന്നു. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തില്‍ കുടുങ്ങി. മുന്‍ഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.

Share this Article

Leave a Comment