Newsperseconds.com

സാങ്കേതിക തകരാറ്: അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; ദുരന്തത്തിനുശേഷമുള്ള ആദ്യ സര്‍വീസ്

Air India

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. കഴിഞ്ഞ ആഴ്ച നടന്ന രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിനുശേഷം ഈ റൂട്ടില്‍ ഒരുക്കിയിരുന്ന ആദ്യ സര്‍വീസായിരുന്നു ഇത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10ന് പറന്നുയരേണ്ടിയിരുന്ന എഐ 159 നമ്പര്‍ ഫ്‌ലൈറ്റാണ് റദ്ദാക്കിയത്. വിമാനത്തിന് ടേക്ക് ഓഫ് നടത്താനാകാതായതോടെ യാത്രക്കാരെ ഇറക്കിവിട്ടു. തങ്ങളുടെ ടിക്കറ്റിന് പകരം മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചക്കിടയില്‍ എയര്‍ ഇന്ത്യ റദ്ദാക്കുന്ന ആറാമത്തെ വിമാന സര്‍വീസാണിത്. തുടര്‍ച്ചയായ വിമാന സര്‍വീസ് റദ്ദാക്കലുകള്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ജൂണ്‍ 12-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച എയര്‍ ഇന്ത്യ ദുരന്തം. അഹമ്മദാബാദില്‍ നിന്നുള്ള എഐ 171 വിമാനം പറന്നുയർന്നതിനു നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ വെറും ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേരും മരണപ്പെട്ടു.

അപകടത്തിന് പിന്നാലെ 171 എന്ന ഫ്‌ളൈറ്റ് നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേയ്ക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് ഉണ്ടായിരുന്നില്ല.

Share this Article

Leave a Comment