മലപ്പുറം: നിലമ്പൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിന് ആർ പി ഐ (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ) സെക്രട്ടറി ജനറൽ ഡോ. രാജീവ് മേനോൻ അഭിനന്ദനങ്ങൾ അറിയിച്ചു.
ഇത് ജനങ്ങളുടെ പ്രതീക്ഷകളും വിശ്വാസവും പ്രതിനിധീകരിക്കുന്ന വിജയം ആണെന്നും, ആര്യാടൻ ഷൗക്കത്തിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടിനും ജനസമ്മതിക്കുമുള്ള അംഗീകാരമാണിതെന്നും ഡോ. രാജീവ് മേനോൻ പ്രസ്താവനയിൽ പറഞ്ഞു.
ഇത് എൽഡിഎഫിന്‍റെ ഭരണപരാജയത്തിന്‍റെ തെളിവാണ്. യുഡിഎഫ് നേടിയ ഈ വിജയം എൽഡിഎഫിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു ശക്തമായ മുന്നറിയിപ്പാണ്, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ എൻഡിഎയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന് ആർപിഐ നിർണായകമായി ഇടപെടുമെന്ന് ഡോ. രാജീവ് മേനോൻ വ്യക്തമാക്കി. നാഷണൽ ഡെമോക്രാറ്റിക് അലൈൻസ് (എൻഡിഎ) ന്റെ പ്രധാന ഘടകകക്ഷികളിൽ ഒന്നാണ് റിപ്പബ്ലിക്കൻ പാർട്ടി. കേരളത്തിൽ 14 ജില്ലകളിലായി കമ്മിറ്റികൾ സജീവമാണ്. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കൂടുതൽ ശക്തി നൽകുന്ന വിധത്തിൽ ആർപിഐ പ്രവർത്തിക്കും, എന്ന് ഡോ.രാജീവ് മേനോൻ പറഞ്ഞു.
2026 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തകർത്തുകൊണ്ട് കേരളത്തിൽ ഭരണാധികാരം നേടാനാണ് എൻഡിഎയുടെ ലക്ഷ്യമെന്നും, അതിന് കഴിയുമെന്നു തന്നെയാണ് ആർപിഐയുടെ ആത്മവിശ്വാസം.
“ഇനി നമ്മുടെ ലക്ഷ്യം ഇന്ത്യ ഭരിക്കുന്നതുപോലെ കേരളവും എൻഡിഎ ഭരിക്കുന്നതാകും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഉന്നത വിജയം ഉറപ്പാക്കാനായിരിക്കും ഞങ്ങളുടെ എല്ലാ ശ്രമങ്ങളും,” എന്ന് അദ്ദേഹം വ്യക്തമാക്കി.