Newsperseconds.com

സിൽവർലൈൻ പ്രായോഗികമല്ല; സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാം – കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Ashwini vaishnaw

ന്യൂഡൽഹി: കേരളം മുന്നോട്ടുവെച്ച സിൽവർലൈൻ (കെ-റെയിൽ) പദ്ധതി പ്രായോഗികമല്ലെന്നും, ഇത് വലിയ പാരിസ്ഥിതികാഘാതങ്ങൾ സൃഷ്ടിക്കുന്നതിനാൽ നടപ്പാക്കാൻ കഴിയില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് താൽപ്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ (ഹൈ സ്പീഡ് റെയിൽ) പദ്ധതി പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. റെയിൽവേ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ആവശ്യമായ സഹകരണം നൽകുന്നില്ലെന്നും, പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഭൂമിയിൽ 14 ശതമാനം മാത്രമാണ് ഇതുവരെ ഏറ്റെടുത്ത് നൽകിയിട്ടുള്ളതെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, അതിവേഗ റെയിൽ പദ്ധതിക്കായി ഇ. ശ്രീധരൻ മുന്നോട്ടുവന്നതിനെ കേന്ദ്രമന്ത്രി സ്വാഗതം ചെയ്തു. റെയിൽവേ മേഖലയിലും സാങ്കേതിക വിഷയങ്ങളിലും പരിചയസമ്പന്നനായ വ്യക്തിയാണ് ഇ. ശ്രീധരൻ എന്നും, റെയിൽവേ വികസനത്തിന് മുന്നോട്ട് വരുന്ന ഏത് വ്യക്തിയെയും മന്ത്രാലയം സ്വാഗതം ചെയ്യുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അങ്കമാലി–ശബരി റെയിൽപാത വിഷയത്തിൽ സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ടുവന്നത് തെരഞ്ഞെടുപ്പ് കണക്കിലെടുത്താണെന്ന വിമർശനവും മന്ത്രി ഉന്നയിച്ചു. ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ടുപോകുന്നത് കേന്ദ്രസർക്കാരിന്റെ അറിവോടെയാണോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും, കേന്ദ്ര അനുമതിയില്ലാതെ തന്നെ ശ്രീധരൻ പദ്ധതി സംബന്ധിച്ച പ്രവർത്തനങ്ങൾ തുടരുന്നതായും വ്യക്തമായി.

Share this Article

Leave a Comment