Newsperseconds.com

റെയിൽ യാത്രക്കാർക്ക് മുന്നറിയിപ്പ്: ബോർഡിംഗ് സ്റ്റേഷനിൽ കയറില്ലെങ്കിൽ സീറ്റ് ഉടൻ റദ്ദ്; ടിടിഇ ഇനി കാത്തിരിക്കില്ല

Indian Railway

ന്യൂഡൽഹി: റിസർവേഷൻ ടിക്കറ്റുള്ള യാത്രക്കാർ ശ്രദ്ധിക്കുക. ബോർഡിംഗ് സ്റ്റേഷൻ മാറ്റി ട്രെയിൻ കയറുന്നവർക്കായി കർശനമായ പുതിയ ചട്ടം നടപ്പിലാക്കി ഇന്ത്യൻ റെയിൽവേ. ഇനി നിശ്ചിത ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ചില്ലെങ്കിൽ, ടിടിഇ രണ്ട് സ്റ്റോപ്പ് വരെ കാത്തിരിക്കുന്ന പഴയ രീതി അവസാനിച്ചു. യാത്രക്കാരൻ ഹാജരാകാത്തതായി കണ്ടെത്തിയാൽ, മിനിറ്റുകൾക്കുള്ളിൽ സീറ്റ് അല്ലെങ്കിൽ ബർത്ത് മറ്റൊരാൾക്ക് അനുവദിക്കാൻ ടിടിഇക്ക് അധികാരം നൽകിയിട്ടുണ്ട്. അടുത്ത സ്റ്റേഷനിൽ നിന്ന് കയറാമെന്നു കരുതിയാലും സീറ്റ് ഉറപ്പില്ല.

പുതിയ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ, യാത്രക്കാരൻ ട്രെയിൻ കയറാത്ത വിവരം ടിടിഇമാരുടെ കൈയിലെ എച്ച്എച്ച്ടി (HHT) ഉപകരണത്തിൽ ഉടൻ രേഖപ്പെടുത്തും. തുടർന്ന് വെയിറ്റിംഗ് ലിസ്റ്റിലോ ആർഎസി സ്റ്റാറ്റസിലോ ഉള്ളവർക്ക് സീറ്റ് ഉടൻ അനുവദിക്കും. സീറ്റ് മറ്റൊരാൾക്ക് നൽകിയാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് അലേർട്ട് അയക്കും. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്വന്തം മൊബൈൽ നമ്പർ നൽകുന്നത് നിർണായകമാണ്. മറ്റൊരാളുടെ നമ്പർ നൽകിയാൽ അലേർട്ട് ലഭിക്കണമെന്നില്ല; ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്താൽ ഏജന്റിന്റെ നമ്പറിലേക്കാകും സന്ദേശം പോകുക.

സീറ്റ് നഷ്ടപ്പെടാതിരിക്കണമെങ്കിൽ, ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് കൃത്യസമയത്ത് ട്രെയിൻ കയറണം. മറ്റൊരു സ്റ്റേഷനിൽ നിന്ന് കയറേണ്ടതാണെങ്കിൽ, ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബോർഡിംഗ് പോയിന്റ് മാറ്റണം. അല്ലാത്തപക്ഷം പരാതി പറഞ്ഞിട്ട് കാര്യമുണ്ടാകില്ല — സീറ്റ് നഷ്ടമാകും.

Share this Article

Leave a Comment