Newsperseconds.com

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾക്ക് ഇന്ന് തുടക്കം

Cbse Exam

കൊച്ചി: സി.ബി.എസ്.ഇ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്ക് ഇന്ന് തുടക്കം. 43 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിബന്ധനകൾ കർശനമായി പാലിക്കണമെന്നും ഇളവ് അനുവദിക്കില്ലെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.

രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ. ചോദ്യപേപ്പർ വായിക്കാൻ 15 മിനിറ്റ് അധികസമയം അനുവദിച്ചിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയ്ക്ക് 25,08,319 വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിന് 18,59,551 വിദ്യാർത്ഥികളും അപേക്ഷിച്ചിട്ടുണ്ട്.

ഈ അധ്യയന വർഷം മുതൽ ഇരട്ട പരീക്ഷാ സമ്പ്രദായം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആദ്യഘട്ടമായ മെയിൻ പരീക്ഷ നിർബന്ധമായും എഴുതണമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്. മെയിൻ പരീക്ഷ ഒഴിവാക്കി നേരിട്ട് രണ്ടാം പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെ അപേക്ഷ ബോർഡ് തള്ളി.

ആദ്യ പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചവർക്ക് ഫലം മെച്ചപ്പെടുത്താനുള്ള അവസരമായാണ് രണ്ടാംഘട്ട പരീക്ഷ നടത്തുന്നത്. സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഭാഷകൾ എന്നിവ ഉൾപ്പെടെ പരമാവധി മൂന്ന് വിഷയങ്ങളിൽ വീണ്ടും പരീക്ഷ എഴുതാം.

വിദ്യാർത്ഥികൾ രാവിലെ 10 മണിക്ക് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം. ഡ്രസ് കോഡ് ഉൾപ്പെടെയുള്ള എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ബോർഡ് അറിയിച്ചു.

അതേസമയം, പരീക്ഷാ ചോദ്യപേപ്പർ ചോർന്നതായുള്ള സമൂഹമാധ്യമ വാർത്തകൾ വിശ്വസിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സി.ബി.എസ്.ഇ മുന്നറിയിപ്പ് നൽകി.

Share this Article

Leave a Comment