Newsperseconds.com

ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; കൊടുംചൂട് തുടരുന്നതിനാൽ ജാഗ്രത നിർദേശം

Rain

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ചെറിയ ശമനമായി ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് പൊതുവേ കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ അറിയിച്ചു. അതിനാൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകി.

ദാഹമില്ലെങ്കിലും മതിയായ അളവിൽ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ പോലുള്ള നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും ORS ലായനി, സംഭാരം പോലുള്ള പാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്യണം. വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധജലവും മതിയായ വായുസഞ്ചാരവും ഉറപ്പാക്കണമെന്നും, അസംബ്ലി പോലുള്ള കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയം മാറ്റുകയോ ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ, കിടപ്പ് രോഗികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

Share this Article

Leave a Comment