മലപ്പുറം: സുപ്രീം കോടതിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കാണിക്കുന്നത് അനാദരവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതു പോലെ നിലപാടുള്ള വ്യക്തികള്‍ക്ക് ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബില്ലുകള്‍ ഇങ്ങനെ പിടിച്ചുവെക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഈ വിധി രാജ്യത്തെ എല്ലാ ഗവര്‍ണര്‍മാര്‍ക്കും ബാധകമാണെന്നും സുപ്രീംകോടതി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കേരളാ ഗവര്‍ണര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.