പങ്കാളിത്ത പെൻഷൻ പുനഃപ്പരിശോധനാ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ സംസ്ഥാനം രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയിന്മേലുള്ള നടപടിയെ വിമർശിച്ച് സുപ്രിംകോടതി. ഹർജിക്കാർക്ക് ഉടൻ ഇതു സംബന്ധിച്ച റിപ്പോർട്ട് കെെമാറണമെന്നും ചീഫ് സെക്രട്ടറി വി വേണു നവംബർ 10 ന് നേരിട്ട് വിശദീകരണം നൽകണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.
പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട് സർവ്വീസ് സംഘടനയായ ജോയിൻറ് കൗൺസിലിന് നൽകാത്ത വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഈ ഘട്ടത്തിലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറിയില്ലെങ്കിൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ഹർജി പരിഗണനയിലിരിക്കെ പുനഃപ്പരിശോധനാ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും സുപ്രിംകോടതി നടപടികളെ ലാഘവത്തോടെ സർക്കാർ കാണരുതെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ അദ്ധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചു.
പുനഃപ്പരിശോധനാ സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ജോയിന്റ് കൗൺസിൽ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കൽ നൽകുന്ന കാര്യം പരിഗണിക്കാൻ നേരത്തെ കോടതി സംസ്ഥാനത്തിന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.
പങ്കാളിത്ത പെൻഷൻ പുനഃപ്പരിശോധനാ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതി പഠിക്കുന്നതിനാൽ പകർപ്പ് നൽകാനാകില്ലെന്നാണ് സർക്കാർ ഇന്ന് കോടതിയിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ ഭാഗത്ത് നിന്ന് സർക്കാരിന് വിമർശനം നേരിടേണ്ടിവന്നത്.