ബെയ്റൂത്ത്: സെന്‍ട്രല്‍ ബെയ്റൂട്ടില്‍ ലെബനന് ബ്രാഞ്ചില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി ലെബനന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. മൊഹമ്മദ് അഫീഫിന്റെ മരണം ലെബനനിലെ സായുധ വിഭാഗം സ്ഥിരീകരിച്ചു. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത് അഫീഫായിരുന്നു.
റാസ് അല്‍ നാബയിലെ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ബെയ്റൂത്തിലെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര് അഭിയം തേടിയ പ്രദേശമാണ് റാസ് അല്‍ നാബ. ഇവിടെയാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 3,452 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. 14,664 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.