പാലക്കാട്: ആവേശത്തിന്റെ കൊടുമുടിയേറിയ കൊട്ടിക്കലാശത്തിന് പരിസമാപ്തി കുറിച്ച് പാലക്കാട് ഇന്ന് നിശബ്ദപ്രചരണം. വിധിയെഴുതാന്‍ ജനം നാളെ ബൂത്തിലെത്തും. പരമാവധി വീടുകളിലേക്ക് നേതാക്കള്‍ ഇന്നെത്തും. അവസാനസമയത്തും വോട്ട് ചോദിച്ച് സ്ഥാനാര്‍ത്ഥികള്‍ ഓടിനടക്കുകയാണ്. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലമായ പാലക്കാട് ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിര്‍ത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് ആയത് കൊണ്ടും രാഹുലിന്റെ ജയം വെല്ലുവിളി നിറഞ്ഞതാണ്. കോണ്‍ഗ്രസിലേക്കുള്ള സന്ദീപിന്റെ വരവ് കോണ്‍ഗ്രസിന് ഈ സമയത്ത് ആവേശം കൂട്ടിയിരിക്കുകയാണ്. ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കള്‍ പാലക്കാടിനായി പ്രവര്‍ത്തിച്ചത്.
സരിന് വന്നതോടെ പലതവണ കൈവിട്ടുപോയ പാലക്കാടില്‍ പ്രതീക്ഷയേറെയാണ് എല്‍ഡിഎഫിന്. കോണ്‍ഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാര്‍ട്ടി പാലക്കാടില്‍ നട്ടത്. കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തില്‍ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയില്‍ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്.
സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പാലക്കാട്ടെ ജനങ്ങള്‍ക്കിടയില്‍ ജനകീയനുമാണ്. എന്നാല്‍ അവസാന നിമിഷം ഉണ്ടായ സംഘടനാപരമായ പ്രശ്നങ്ങളും, സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടി അനുഭാവികളല്ലാത്ത വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കും എന്നത് പ്രധാനമാണ്.