‘മാനവ സംസ്കൃതിയുടെ നെടുംതൂണുകളിൽ ഒന്ന്’ എന്നാണ് ആചാര്യന്മാർ ഗ്രന്ഥശാലകളെ വിശേഷിപ്പിച്ചിട്ടുള്ളത്. അതിൽ തന്നെ കേരളത്തിലെ ഗ്രന്ഥശാലകൾക്ക് കനലുപോലെ ജ്വലിക്കുന്ന ചരിത്രമാണുള്ളത്. കേരളത്തിന്റെ നവോഥാന ചരിത്രത്തിൽ ഗ്രന്ഥശാലകൾവഹിച്ചിട്ടുള്ള പങ്കും ചെറുതല്ല.
കോട്ടയം ജില്ലയിലെ വെൺമണിയും ഇനി ഗ്രന്ഥശാല ചരിത്രത്തിന്റെ ഭാഗമാകുകയാണ്. സാംസ്കാരിക മേഖലയ്ക്ക് തിലകക്കുറിയായി വെണ്മണി പഞ്ചായത്ത് പബ്ലിക് ലൈബ്രറി ഒരുങ്ങുന്നു. വെൺമണിയിൽ എട്ടു വർഷം മുൻപ് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയ്ക്ക് മന്ദിരം ഒരുങ്ങുകയാണ്.
പുതിയ മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം ഈ മാസം16- ന് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.സജി ചെറിയാൻ നിർവഹിക്കും. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ടി.സി സുനിമോൾ അദ്ധ്യക്ഷത വഹിക്കും.ഇതോടെ വെണ്മണിയിലെ സാംസ്കാരിക പ്രവർത്തകരുടെയും പുസ്തകപ്രേമികളുടെയും ഒരു ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.
നായനാർ സർക്കാരിൻ്റെ കാലത്ത് “പതിനൊന്നിന പരിപാടി” യിൽപ്പെടുത്തി നിർമ്മിച്ച്, അന്നത്തെ ധനകാര്യ മന്ത്രി ടി.ശിവദാസമേനോൻ ഉദ്ഘാടനം ചെയ്ത ‘സാംസ്കാരിക നിലയ’ത്തിലാണ് ലൈബ്രറിയും റീഡിങ് റൂമും നിലവിൽ പ്രവർത്തിക്കുന്നത്.