സുബ്രഹ്മണ്യ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠി വ്രതം. സാധാരണയായി ഇത് രക്ഷിതാക്കൾ മക്കൾക്ക് വേണ്ടിയാണ് ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. ഗൃഹദോഷങ്ങൾ മാറുന്നതിനും സർപ്പദോഷമകലുന്നതിനുമാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. നവംബർ 18 ശനിയാഴ്ചയാണ് ഈ വർഷത്തെ സ്കന്ദഷഷ്ഠി.
സർപ്പരൂപമെടുത്ത് അപ്രത്യക്ഷനായ സുബ്രഹ്മണ്യനെ സ്വരൂപത്തിൽ തിരികെ ലഭിക്കുന്നതിനായി പാർവ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് മുരുകനെ പ്രത്യക്ഷപ്പെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവനായി ദേവന്മാർ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തിൽ സ്കന്ദ ഷഷ്ഠിയെ വിശേഷിപ്പിക്കുന്നു.
തീരാവ്യാധികൾക്കും ദുഖങ്ങൾക്കും പരിഹാരമാണ് സ്കന്ദഷഷ്ഠി വ്രതം. പൂർണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവർക്ക് ഉദ്ദിഷ്ടകാര്യസിദ്ധി. ആറ് ഷഷ്ഠിയ്ക്ക് തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി വ്രതം എന്നാണ് വിശ്വാസം.
തിരുത്തണി, സ്വാമിമലൈ, പഴനി, പഴമുതിർ ചോലൈ, തിരുപ്പറങ്കുൻറം, തിരുച്ചെന്തൂർ എന്നിവയാണ് മുരുകന്റെ ആറുപടൈവീടുകൾ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ. കൂടാതെ കേരളത്തിലെ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പയ്യന്നൂർ പെരുന്ന, പെരളശ്ശേരി, മക്രേരി ,തൃക്കുന്നപ്പുഴ, കിടങ്ങൂർ, കുമര നെല്ലൂർ, ഉള്ളൂർ, ഉദയനാപുരം, എളംകുന്നപ്പുഴ, വൈറ്റില, തുടങ്ങിയ ക്ഷേത്രങ്ങളിലും സ്കന്ദ ഷഷ്ഠിയോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉത്സവങ്ങളും കൊണ്ടാടും.