വാഷിങ്ടണ്‍: അമേരിക്കന്‍ താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കന്‍ ആക്രമണം. ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച ആക്രമണം നടത്താന്‍ തുടങ്ങിയത്.
30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. ജോര്‍ദനിലെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം പകലാണ് സൈന്യത്തിന് ആക്രമണത്തിന് അനുമതി നല്‍കിയത്. ആക്രമണത്തില്‍ നാശനഷ്ടം കണക്കാക്കിയിട്ടില്ല. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാന്‍ അനുകൂല സായുധ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്നുമാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.