മോസ്‌കോ: 133 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോയിലെ ഭീകരാക്രമണത്തില്‍ കുറ്റം ചുമത്തപ്പെട്ട നാല് പ്രതികളില്‍ മൂന്ന് പേരും ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ സമയത്ത് കൂട്ടക്കൊലയില്‍ പങ്കുള്ളതായി സമ്മതിച്ചു. താജിക്കിസ്ഥാന്‍ പൗരന്മാരായ നാല് പേരെ മെയ് 22 വരെ മുന്‍കൂര്‍ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ സജീവമായ തീവ്രവാദ ഗ്രൂപ്പിന്റെ പ്രാദേശിക വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ അവകാശപ്പെട്ട ആക്രമണത്തില്‍ പങ്കെടുത്തതിന് നാല് പ്രതികളെയും മറ്റ് ഏഴ് പേരെയുമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതില്‍ ദലേര്‍ദ്‌ജോണ്‍ മിര്‍സോയേവ് (32), സൈദക്രമി റച്ചബാലിസോഡ (30), മുഖമ്മദ്‌സോബിര്‍ ഫൈസോവ് (19), ഷംസിദിന്‍ ഫരീദുനി (25) എന്നിവര്‍ക്കെതിരെ മോസ്‌കോയിലെ ബസ്മാനി ജില്ലാ കോടതി ഔദ്യോഗികമായി കുറ്റം ചുമത്തി.
ചോദ്യം ചെയ്യലിനിടെ നാലുപേരില്‍ ഒരാളുടെ ഒരു ചെവി മുറിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പീഡിപ്പിക്കപ്പെട്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടിയിലാണ് കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളുടെയും മുഖത്ത് ചതവുകള്‍ ദൃശ്യമാണ്.