ദുബൈ: യുഎഇയില്‍ സമീപകാല കാലാവസ്ഥയുടെ അനന്തരഫലങ്ങള്‍ നേരിട്ടവര്‍ക്ക് ആശ്വാസവുമായി യുഎഇ കേന്ദ്രബാങ്ക്. ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ ലോണ്‍ തവണകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും യുഎഇ കേന്ദ്ര ബാങ്ക് നോട്ടീസ് നല്‍കി.
അധിക ഫീസുകളോ പലിശയോ ലാഭമോ ചുമത്താതെയോ വായ്പയുടെ പ്രധാന തുക വര്‍ദ്ധിപ്പിക്കുകയോ ചെയ്യാതെ ആറ് മാസത്തേക്കാണ് മാറ്റിവയ്ക്കല്‍. അടുത്തിടെയുണ്ടായ കനത്ത മഴയുടെ ഫലമായുണ്ടായ വാഹനങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ബാങ്ക് സ്ഥിരീകരിച്ചു. വീടും വാഹനങ്ങളും ഇന്‍ഷുര്‍ ചെയ്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നഷ്ടപരിഹാരം നല്‍കുന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ബാധ്യതയായി കണക്കാക്കും.
ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയോ തര്‍ക്കമോ ഉണ്ടായാല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനെ( SANADAK) സമീപിക്കാവുന്നതാണെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു.