പ്രായപൂര്‍ത്തിയാകാത്തവര്‍ ഓണ്‍ലൈനില്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് ഒഴിവാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി സ്പെയിന്. ഓണ്‍ലൈനില്‍ വ്യൂവര്‍ഷിപ്പ് നിയന്ത്രിക്കുന്നതില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില കര്‍ശന നടപടികളാണ് സ്വീകരിച്ചത്. പതിനഞ്ചു വയസിന് താഴെയുള്ള കുട്ടികളില്‍ 50% പോണ് വീഡിയോകള്‍ കാണുന്നവരാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആര്-റേറ്റഡ് ഡിജിറ്റല്‍ ഉള്ളടക്കത്തിലേക്കുള്ള കുട്ടികളുടെ പ്രവേശനം തടയുന്ന ആപ്പ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഈ ആപ്പ് വഴി ഓണ്‍ലൈനില്‍ പോണ് വീഡിയോ കാണുന്ന ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുകയും ഡിജിറ്റല്‍ ക്രെഡിറ്റുകള്‍ വഴിയുള്ള ആക്സസ് പരിമിതപ്പെടുത്തുകയും ചെയ്യും. പ്രായപൂര്‍ത്തി ആകാത്തവര്‍ക്കിടയില്‍ ഇത്തരത്തിലുളള വീഡിയോ കാണുന്ന ശീലം വര്‍ദ്ധിച്ചതായി ആന്റി-പോണോഗ്രഫി വിരുദ്ധ ഗ്രൂപ്പായ ഡെയ്ല്‍ ഉന വുല്റ്റ ആശങ്ക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പെയിനിന്റെ നീക്കം.
പോണ് പാസ്പോര്‍ട്ട് എന്നത് സ്പാനിഷ് ഗവണ്മെന്റിന്റെ പുതിയ ഡിജിറ്റല്‍ വാലറ്റ് ആപ്പിനുള്ളിലെ ഒരു സംരംഭമാണ്. ഇത് ഔദ്യോഗികമായി ഡിജിറ്റല്‍ വാലറ്റ് ബീറ്റ എന്ന് നാമകരണം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പോണ് വീഡിയോ കാണുന്നത് ഈ ആപ്പ് വഴി അറിയാന്‍ സാധിക്കും. സ്പെയിന് പുറത്തിറക്കുന്ന കാര്ട്ടേറ ഡിജിറ്റല്‍ ബീറ്റ എന്നറിയപെടുന്ന ആപ്പ് മൊബൈല്‍ വാലറ്റ് പോലെ ആയിരിക്കും പ്രവര്‍ത്തിക്കുക. ആദ്യം ഉപയോക്താവിന്റെ ഐഡി ഉപയോഗിച്ച് വയസ് പരിശോധിക്കും. ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സ്പാനിഷ് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സഹായം തേടും.