ടെല്‍ അവീവ്: രാജ്യത്തുടനീളം അലാറം മുഴങ്ങുകയും സിവിലിയന്‍മാര്‍ അഭയം തേടുകയും ചെയ്തപ്പോള്‍ ഇറാന്‍ ചൊവ്വാഴ്ച ഇസ്രായേലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചു. ഗാര്‍ഡ് കമാന്‍ഡറെയും മറ്റ് നേതാക്കളെയും കൊലപ്പെടുത്തിയതിനുള്ള മറുപടിയാണ് ഇസ്രായേലിനെതിരായ ആക്രമണമെന്ന് ഇറാന്‍ പറഞ്ഞു. ഇസ്രയേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.
അതേസമയം, മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ മറുപടി നല്‍കിയാല്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭീണിപ്പെടുത്തി. ഇറാനില്‍ നിന്നുള്ള ഏതെങ്കിലും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം വ്യാപകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചിരുന്നു, ആക്രമണമുണ്ടായാല്‍ സുരക്ഷിതമായ മുറികളില്‍ അഭയം തേടാന്‍ പൊതുജനങ്ങളോട് പറഞ്ഞു.
മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന മേഖലയില്‍ ആക്രമണം നടന്നതായാണ് വിവരം. മിസൈല്‍ ആക്രമണത്തില്‍ ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ ഇസ്രയേലിന് നേരെ 400ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് രാജ്യത്തേക്ക് മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസിയും അറിയിച്ചു. പൗരന്മാര്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.