ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ സ്ഫോടനം ചാവേര്‍ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌റ്റേഷനില്‍ നല്ല തിരക്കുള്ള സമയത്താണ് സ്‌ഫോടനം നടന്നത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വേ സ്റ്റേഷന്റെ ബുക്കിങ് ഓഫീസിലാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെഷാവറിലേക്കുള്ള ജാഫര്‍ എക്സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.
സംഭവം നടന്ന സ്ഥലത്ത് പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ക്വറ്റയിലെ സിവില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പരിക്കേറ്റ 46 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.