ഫ്രാന്‍സിലെ മയോട്ടില്‍ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റില്‍ ആയിരത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ (124 മൈല്‍) വേഗതയില്‍ വീശിയ കാറ്റ് വീടുകള്‍ നശിപ്പിക്കുകയും മരങ്ങള്‍ പിഴുതെറിയുകയും പൊതു സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും അതിജീവിച്ചവരെ തിരയാനും രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണ്. 90 വര്‍ഷത്തിനിടെ മയോട്ടില്‍ ആഞ്ഞടിച്ച ഏറ്റവും തീവ്രതയേറിയ കൊടുങ്കാറ്റാണ് ചിഡോ ചുഴലിക്കാറ്റെന്ന് ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റിയോ ഫ്രാന്‍സ് വിശേഷിപ്പിച്ചു.
മയോട്ട് ദ്വീപിലെ വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും തകര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാരീസില്‍ നിന്ന് 8000 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനും മൊസാംബിക്കിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് മയോട്ട. വെള്ളി, ശനി ദിവസങ്ങളില്‍ ചിഡോ ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ആഞ്ഞടിച്ചു. സമീപ ദ്വീപുകളായ കൊമോറോസ്, മഡഗാസ്‌കര്‍ എന്നിവയെ ബാധിച്ചു. ആഫ്രിക്കന്‍ വന്‍കരയിലെ മൊസാംബിക്കില്‍ ഞായറാഴ്ച വൈകിയാണ് ഇത് കരയില്‍ പതിച്ചത്.