പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ജി 20 ഉച്ചകോടി ഇന്ന് ചേരും. വിർച്ച്വൽ ആയി നടക്കുന്ന ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് പങ്കെടുക്കില്ല. പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കുമെന്ന് ചെെന അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻ പിങ് പങ്കെടുത്തിരുന്നു. മുൻപ്, ദില്ലിയിൽ ചേർന്ന ജി 20 ഉച്ചകോടിയിൽ നിന്നും ഷി ജിൻ പിങ് വിട്ടു നിന്നിരുന്നു.
അതേസമയം, റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ജി 20 വിർച്ച്വൽ ഉച്ചകോടിയിൽ പങ്കെടുക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ജി 20 വിർച്ച്വൽ ഉച്ചകോടി ചർച്ചയാകും. സൗദി അറേബ്യ, യു എ ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായി വിളിച്ചിരിക്കുന്ന ഉച്ചകോടിയിൽ വെടി നിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് ഇന്ത്യൻ വിദേശകാര്യസെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കിയിരുന്നു.