ഇറ്റാലിയൻ തത്വചിന്തകനും രാഷ്ട്രീയ ചിന്തകനുമായ ആന്റോണിയോ നെഗ്രി അന്തരിച്ചു. മകള്‍ അന്ന നെഗ്രിയാണ് മരണവിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഫ്രാൻസിലായിരുന്നു നെഗ്രിയുടെ അന്ത്യം. കുർദ്ദുകൾക്ക് വേണ്ടി വാദിച്ച നെഗ്രിയുടെ വിയോഗത്തിൽ കുര്‍ദ്ദിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.
‘അതിയായ ദു:ഖത്തോടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന്റോണിയോ നെഗ്രിയുടെ മരണവാര്‍ത്ത കേട്ടത്. കുര്‍ദ്ദിസ്ഥാന്‍ വിമോചന പോരാട്ടത്തിന് എല്ലാക്കാലത്തും വലിയ പിന്തുണ നല്‍കിയ ആളാണ് അന്റോണിയോ നെഗ്രി’ കെഎന്‍കെ അനുസ്മരിച്ചു.കുര്‍ദ്ദിഷ് നേതാവ് അബ്ദുള്ള ഒക്‌ലാൻ്റെ തടവ്ശിക്ഷക്കെതിരെ അന്റോണിയോ നെഗ്രി സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു.
ഇറ്റലിയിലെ പാദുവയിൽ 1933 ഓഗസ്റ്റ് 1നായിരുന്നു നെഗ്രിയുടെ ജനനം. റോമൻ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ‘ജിയോവെൻ്റ ഇറ്റാലിയന ഡി അസിയോൺ കാറ്റോലിക്ക’യിലൂടെയായിരുന്നു പൊതുരംഗത്തേയ്ക്കുള്ള നെഗ്രിയുടെ രംഗപ്രവേശനം. 1950 കളുടെ തുടക്കത്തിലായിരുന്നു ഇത്. 1956-ൽ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ നെഗ്രി അംഗമായി. പാദുവ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു നെഗ്രി. 1967വരെ പാദുവ സർവകലാശാലയിൽ അസിസ്റ്റന്റായിരുന്നു പിന്നീട് ഡോക്ട്രിൻസ് ഓഫ് ദ സ്റ്റേറ്റിന്റെ പ്രൊഫസറുമായി. 1969-ൽ രാഷ്ട്രീയ ഗ്രൂപ്പായ ‘പോട്ടെറെ ഓപ്പറേയോ’ (വർക്കേഴ്‌സ് പവർ) സ്ഥാപിച്ചതാണ് നെഗ്രിയുടെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. തൊഴിലാളികളെ പ്രതിനിധീകരിച്ച് ഫാക്ടറികളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതായിരുന്നു ‘പോട്ടെറെ ഓപ്പറേയോ’യുടെ രാഷ്ട്രീയ ദൗത്യം. 1973ൽ നെഗ്രി ‘പോട്ടെറെ ഓപ്പറേയോ’ പിരിച്ചുവിട്ടു.
പിന്നീട് നെഗ്രി ‘ഓട്ടോണമിയ ഒപെറൈ ഓർഗനിസാറ്റ’ (ഓട്ടോണമസ് വർക്കേഴ്സ് ഓർഗനൈസേഷൻ) എന്ന രാഷ്ട്രീയ സംഘടനയുടെ ഭാഗമായി. ഈ ഘട്ടത്തിലാണ് നെഗ്രിയുടെ നിരവധി സൈദ്ധാന്തിക ലേഖനങ്ങൾ പുറത്ത് വന്നത്. 1979 ഏപ്രിലിൽ അന്റോണിയോ നെഗ്രിയും ‘ഓട്ടോണമിയ’ പ്രസ്ഥാനത്തിലെ മറ്റു പല അംഗങ്ങളും അറസ്റ്റിലായി. കേസിൽ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 30 വർഷത്തെ തടവിന് ശിക്ഷിച്ചു. റാഡിക്കൽ പാർട്ടിയുടെ പ്രതിനിധിയായി പാർലമെൻ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹം മോചിതനായി. അലൈൻ ബാദിയ് ഗില്ലെസ് ഡെലൂസ് തുടങ്ങിയവർക്കൊപ്പമാണ് അക്കാലത്ത് നെഗ്രി ജോലി ചെയ്തത്. ഉൾപ്പെടുന്നു. പാരീസിൽ വച്ചാണ് മൈക്കൽ ഹാർഡ് എന്ന യുവ വിദ്യാർത്ഥിയെ നെഗ്രി കണ്ടുമുട്ടുന്നത്. പിന്നീടുള്ള ദശകങ്ങളിൽ ഇവർ ഒരുമിച്ച് നിരവധി കൃതികൾ രചിച്ചു.
ജയിൽ ശിക്ഷ അനുഭവിക്കുന്നതിനായി 1997ൽ നെഗ്രി സ്വമേധയാ ഇറ്റലിയിലേയ്ക്ക് മടങ്ങി. 2003ൽ ജയിൽ ശിക്ഷയിൽ ഇളവ് ലഭിച്ച് അദ്ദേഹം ജയിൽ മോചിതനായി. നെഗ്രിയുടെയും മൈക്കൽ ഹാർഡിന്റെയും ‘ദി ലേബർ ഓഫ് ഡയോനിസസ്’ എന്ന പുസ്തകം 1994ൽ പ്രസിദ്ധീകരിച്ചു. തുടർന്ന്, 2000-ൽ ഇരുവരും ചേർന്ന് ‘എംപയർ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു, അത് രാജ്യാന്തര തലത്തിൽ ബെസ്റ്റ് സെല്ലറായി.