പത്തനംതിട്ട: ശബരിമല മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ഇടുക്കിയിലും അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഭക്തന്‍മാരുടെ തിരക്ക് മുന്‍കൂട്ടി കണ്ട് എല്ലാ വിധ സൗകര്യങ്ങളും വളളക്കടവ് ചെക്ക്‌പോസ്റ്റിലും പുല്ലുമേട്ടിലും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
അതേ സമയം, പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദര്‍ശന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വള്ളക്കടവ് ചെക്ക്‌പോസ്‌റ് വഴിയും ശബരിമലയില്‍ നിന്ന് പുല്ലുമേട്ടിലേക്കും ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
അയ്യപ്പന്മാര്‍ തിങ്ങിക്കൂടുന്ന സ്ഥിരം സ്ഥലമായ പുല്ലുമേട്ടില്‍ പൊതുമരാമത്ത് വകുപ്പ് ബാരിക്കേഡ് നിര്‍മ്മിച്ചു.പുല്ലുമേട് വരെ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ് ഉണ്ടായിരിക്കും, മെഡിക്കല്‍ ടീമിന്റെ സേവനം, ഓരോ കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ 5000 ലിറ്റര്‍ വാട്ടര്‍ ടാങ്ക് ജല അതോറിറ്റി സ്ഥാപിച്ചു. ദര്‍ശനത്തിനായുള്ള എല്ലാ വിധ സൗകര്യങ്ങളും അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.