മലപ്പുറത്ത് റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത്- രണ്ടാംപാടം റോഡിലാണ് അപകടമുണ്ടായത്. മണിമൂളി സ്വദേശി പന്താർ അസറിനാണ് പരിക്കേറ്റത്. എന്നാൽ പുലിയാണോ വാഹനത്തിലിടിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വനം വകുപ്പ് പറയുന്നു.
ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഇന്നലെ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിൽ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്ന് അസർ പറയുന്നു. അപകടത്തിന് പിന്നാലെ പുലി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ട് ഭയന്ന് അസർ ഒരു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ അസർ ആശുപത്രിയിലാണ്. വനം വകുപ്പ് സംഭവ സ്ഥലത്ത് പരിശോധന നടത്തി.