തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ എത്തുന്നത് പ്രമാണിച്ച് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍. 48 വിവാഹങ്ങളുടേയും സമയത്തില്‍ മാത്രമാണ് മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രംഗത്തെത്തിയത്. അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കുണ്ട്.
ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. 17 ന് രാവിലെ മോദി ഗുരുവായൂരെത്തും. 8.10 ന് ക്ഷേത്രദര്‍ശനം, അരമണിക്കൂര്‍ ദര്‍ശനം കഴിഞ്ഞ് 8.45ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. അതേ സമയം, കടുത്ത നിയന്ത്രണവും സുരക്ഷയുമാണ് ഗുരുവായൂരില്‍ അന്നേ ദിവസം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവാഹത്തിന് എത്തുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. 20 പേര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. അതിനായി പ്രത്യേകം പാസ് എടുക്കണം.